'പാപങ്ങൾ കൂടി കഴുകിക്കളയണമായിരുന്നു': മമതയുടെ അജ്മീർ സന്ദര്‍ശനത്തെ പരിഹസിച്ച് ഇടതുപക്ഷം
|ചൊവ്വാഴ്ചയാണ് മമത ബാനർജി രാജസ്ഥാനിലെ അജ്മീർ ഷെരീഫ് സന്ദർശിച്ചത്
ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുടെ അജ്മീർ സന്ദര്‍ശനത്തെ പരിഹസിച്ച് ഇടതുപക്ഷം. 'മമത ബാനർജി രാജസ്ഥാനിലെ അജ്മീർ ഷെരീഫ് സന്ദർശിച്ചു. അത് പുണ്യകർമ്മമാണ്, എന്നാൽ പാപങ്ങൾ കഴുകാൻ പുഷ്കർ സരോവറിൽ കുളിക്കണമായിരുന്നുവെന്ന് ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് പറഞ്ഞു.
'മമത ഒരുപാട് പാപങ്ങൾ ചെയ്തിട്ടുണ്ടല്ലോ...അതെല്ലാം കഴുകിക്കളയാൻ അവരും പുഷ്കർ സരോവറിൽ കുളിക്കണമായിരുന്നു എന്നായിരുന്നു ബിമൽ ബോസ് വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞത്.
ഇന്ത്യയുടെ ജി 20 അധ്യക്ഷസ്ഥാനത്തെക്കുറിച്ചുള്ള സർവകക്ഷി യോഗത്തിന് പിന്നാലെയായിരുന്നു ബിമൻ ബോസിന്റെ പരാമർശം. മമത ബാനർജി ചൊവ്വാഴ്ചയാണ് രാജസ്ഥാനിലെ അജ്മീർ ഷെരീഫ് സന്ദർശിച്ചത്, ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തിയുടെ ദർഗയിൽ ചാദർ അർപ്പിച്ചു. പുഷ്കറിലെ ബ്രഹ്മ ക്ഷേത്രവും ഘാട്ടും സന്ദർശിച്ച് പ്രാർത്ഥന നടത്തി.