India
ഇടതുപക്ഷത്തിന്റെ ഉപദേശം കോൺഗ്രസിനും ഇന്ത്യയ്ക്കും ഗുണം ചെയ്തു: സീതാറാം യെച്ചൂരി
India

ഇടതുപക്ഷത്തിന്റെ ഉപദേശം കോൺഗ്രസിനും ഇന്ത്യയ്ക്കും ഗുണം ചെയ്തു: സീതാറാം യെച്ചൂരി

Web Desk
|
9 Jan 2023 4:25 AM GMT

രാജ്യത്തിന് നല്ല നാളുകൾ വരാൻ മതേതര ശക്തികൾ ഒന്നിച്ച് പ്രവർത്തിക്കണമെന്നും യെച്ചൂരി

ന്യൂഡൽഹി: രാജ്യത്തിന് നല്ല നാളുകൾ വരാൻ മതേതര ശക്തികൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടതുപക്ഷത്തിന്റെ ഉപദേശം കോൺഗ്രസ് ഗൗരവമായി എടുത്തപ്പോഴെല്ലാം അത് പാർട്ടിക്കും ഇന്ത്യയ്ക്കും ഗുണം ചെയ്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ പ്രണബ് മുഖർജി ലെഗസി ഫൗണ്ടേഷൻ സംഘടിപ്പിച്ച 'പ്രണബിനെ ഓർമ്മിക്കുന്നു' എന്ന ചർച്ചയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് കോൺഗ്രസിനെയും ഇടതുപാർട്ടികളെയും ബന്ധിപ്പിക്കുന്നതിൽ പ്രണബ് മുഖർജി വഹിച്ച പങ്ക് യെച്ചൂരി അനുസ്മരിച്ചു. വൈരുദ്ധ്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും വിപരീതങ്ങളെ ഒന്നിപ്പിക്കുന്നതിനുമുള്ള കല മുഖർജിക്ക് അറിയാമായിരുന്നുവെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ''ഞങ്ങളെ ഉപദേശിക്കാനും നയിക്കാനും അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന് കൂടുതൽ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ നല്ല നാളുകൾക്കായി, മതേതര ശക്തികൾ ഒരുമിച്ച് പ്രവർത്തിക്കണം. ഒരുമിച്ച് പ്രവർത്തിക്കുക എന്നതാണ് ഞാൻ പ്രണബ് മുഖർജിയിൽ നിന്ന് പഠിച്ചത്, ആധുനിക ഇന്ത്യയുടെ നിർമ്മാണത്തിൽ പ്രണബ് മുഖർജിയുടെ ജീവിതത്തിനും പ്രവർത്തനത്തിനും വിസ്മരിക്കാനാവാത്ത വിലയുണ്ട്,'' സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.

അതേസമയം അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരിയിൽ കോൺഗ്രസും സിപിഎമ്മും കൈകോർക്കാനൊരുങ്ങുകയാണ്. സീതാറാം യെച്ചൂരി ഞായറാഴ്ച ത്രിപുരയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് അജോയ് കുമാറുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കോൺഗ്രസും സിപിഎമ്മും മറ്റ് ഇടതുപാർട്ടികളും മത്സരിക്കുന്ന സീറ്റുകൾ കണ്ടെത്താനും സീറ്റ് വിഭജനം അന്തിമമാക്കാനും ഇരുപാർട്ടികളിലെയും നേതാക്കളുടെ കമ്മിറ്റി രൂപീകരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഇന്നും നാളെയുമായി അഗർത്തലയിൽ ചേരുന്ന സിപിഎമ്മിന്റെ ത്രിപുര സംസ്ഥാന കമ്മിറ്റി യോഗം സഖ്യത്തിന് അന്തിമ അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിപ്ര മോത പാർട്ടിയുടെ ചെയർപേഴ്‌സൺ പ്രദ്യോത് മാണിക്യ ദേബ്ബർമൻ തന്റെ പാർട്ടിക്ക് സ്വാധീനമുള്ള ആദിവാസി മേഖലകളിൽ തെരഞ്ഞെടുപ്പ് ധാരണയ്ക്കായി കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾ നടത്തുന്നതിനിടെയാണ് യെച്ചൂരിയും അജോയ് കുമാറും കൂടിക്കാഴ്ച നടത്തിയത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയുമായി പ്രദ്യോത് നേരിട്ട് ബന്ധപ്പെട്ടതായും സൂചനയുണ്ട്. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് സിപിഎം ഉൾപ്പടെയുള്ള ഇടത് പാർട്ടികളുമായി സഖ്യത്തിൽ മത്സരിക്കുന്നത് എന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

Similar Posts