India
ഒമ്പത് വർഷം ജയിലിൽ നേരിട്ടത് ക്രൂരപീഡനം: അറസ്റ്റ് ചെയ്തത് രാഷ്ട്രീയ സമ്മർദം മൂലമെന്ന് പൊലീസ് വെളിപ്പെടുത്തിയതായി മുഹമ്മദ് റാഷിദ്
India

'ഒമ്പത് വർഷം ജയിലിൽ നേരിട്ടത് ക്രൂരപീഡനം': അറസ്റ്റ് ചെയ്തത് രാഷ്ട്രീയ സമ്മർദം മൂലമെന്ന് പൊലീസ് വെളിപ്പെടുത്തിയതായി മുഹമ്മദ് റാഷിദ്

Web Desk
|
30 May 2022 3:04 AM GMT

വ്യാജ കേസെടുത്ത് ജയിലിലടച്ചതിനെതിരെ നിയമ പോരാട്ടം തുടരുമെന്ന് റാഷിദ് മീഡിയവണിനോട്

ഹരിയാന: ലഷ്‌കറെ ത്വയ്യിബ ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിൽ അടച്ചത് രാഷ്ട്രീയ സമ്മർദം മൂലമെന്ന് പൊലീസ് വെളിപ്പെടുത്തിയതായി ജയിൽ മോചിതനായ ഹരിയാന സ്വദേശി മുഹമ്മദ് റാഷിദ്. വ്യാജ കേസെടുത്ത് ജയിലിലടച്ചതിനെതിരെ നിയമ പോരാട്ടം തുടരും. സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും റാഷിദ് മീഡിയവണിനോട് പറഞ്ഞു.

ഹരിയാനയിലെ നുഹ് ജില്ലയിലെ സ്‌കൂൾ അധ്യാപകനായ മുഹമ്മദ് റാഷിദിനെ 2013 ലാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്യുന്നത്. ഒരു പെൺകുട്ടിയുടെ പരാതിയിലാണ് കേസ് എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീടാണ് തനിക്കെതിരെ ലഷ്‌കറെ ത്വയ്ബ ബന്ധം ഉൾപ്പെടെ ആരോപിച്ച് ഗുരുതരമായ കുറ്റങ്ങൾ പൊലീസ് ചുമത്തിയത്. ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ട തന്നെ പൊലീസ് രാവും പകലും ക്രൂരമായി മർദിച്ചു. ജയിലിൽ സഹതടവുകാരുടെ മർദനവും ഏറ്റു. കൈയിലും കാലിലും നിരന്തരമായി മർദിക്കുമായിരുന്നു. ഒരു മാസം മുഴുവനും മർദനം തുടർന്നു. എന്തിനാണ് പിടികൂടിയതെന്ന് പല തവണ ചോദിച്ചപ്പോൾ രാഷ്ട്രീയ സമ്മർദം മൂലമെന്ന് പോലീസ് വെളിപ്പെടുത്തിയതായി 35 കാരനായി റാഷിദ് പറഞ്ഞു.

'മതപരമായ ചിഹ്നങ്ങളെ പൊലീസ് ചോദ്യം ചെയ്തു. താടിയിൽ പിടിച്ച് വലിച്ചു. നീ മുസ്‍ലിം അല്ലേയെന്ന് പല തവണ ചോദിച്ചു. ചിന്തിക്കാത്ത പല കേസുകളും പൊലീസ് തനിക്ക് മേൽ ചുമത്തി.ജയിൽ എത്തുന്നതിന് മുമ്പ് തന്നെ ഭീകരവാദിയായി ചിത്രീകരിച്ചു. ജയിൽ എത്തിയ വീട്ടുകാരെ പോലും കാണാൻ അനുവദിച്ചില്ല'. ഭീകരന്നെനും ജിഹാദിയെന്നും ചിത്രീകരിച്ചതോടെ പ്രദേശവാസികൾ വരെ ഒറ്റപ്പെടുത്തിയെന്നും റാഷിദ് പറയുന്നു.

'കുടുംബത്തിന്റെ ഏക വരുമാനമായിരുന്ന പിതാവിന്റെ പലചരക്ക് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് എല്ലാവരും നിർത്തി. ഇതോടെ കട പൂട്ടേണ്ടി വന്നു. കുടുംബം പട്ടിണിയിലായി. നഷ്ടടപ്പെട്ട ഒമ്പത് വർഷങ്ങൾക്ക് സർക്കാരിന് എന്ത് മറുപടിയാണ് നൽകാൻ ഉള്ളതെന്ന് അറിയണം.അതിനായി കോടതിയെ സമീപിക്കും.'

'ജയിലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഒന്നും ഇല്ലാത്തവനായി മാറി. വീടും മുന്നോട്ടുള്ള ലക്ഷ്യവും ഇല്ല. ചെറിയ മക്കളുടെ പഠനവും ഇതോടെ മുടങ്ങി. തനിക്ക് സംഭവിച്ചത് മറക്കാൻ പറ്റിയാലും കുടുംബത്തിന് സംഭവിച്ചത് മറക്കാൻ കഴിയില്ല. പൂർണ്ണമായും നീതി ലഭിച്ചിട്ടില്ല. ആവശ്യമായ നഷ്ടപരിഹാരവും കുറ്റവാളികൾക്ക് ശിക്ഷയും ലഭിക്കണം'.തന്നെ പോലെ നിരപരാധികളായ ആളുകൾ ജയിലിലുണ്ട്. അവർക്ക് വിശ്വാസം കോടതിയെയാണെന്നും റാഷീദ് പറഞ്ഞു.

ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനം നടത്തുന്നതിന് പണം സ്വരൂപിക്കാൻ മോചനദ്രവ്യത്തിനായി ബിസിനസുകാരനെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചെന്നായിരുന്നു കേസ്. ഈ കേസിൽ റാഷിദ് ഉൾപ്പെടെ അഞ്ചുപേരെയാണ് ഡൽഹി ഹൈക്കോടതി വെറുതെവിട്ടത്.

Similar Posts