India
മുസ്‌ലിം ഭരണാധികാരികളെക്കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിക്കുറച്ച് കർണാടക; ടിപ്പുവിനെക്കുറിച്ചുള്ള സ്വാതന്ത്രസമര സേനാനി വിശേഷണം നീക്കി
India

മുസ്‌ലിം ഭരണാധികാരികളെക്കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിക്കുറച്ച് കർണാടക; ടിപ്പുവിനെക്കുറിച്ചുള്ള 'സ്വാതന്ത്രസമര സേനാനി' വിശേഷണം നീക്കി

Web Desk
|
29 March 2022 10:33 AM GMT

ടിപ്പു സുൽത്താൻ, ബാബർ, മുഹമ്മദ് ബിൻ തുഗ്ലക്ക് തുടങ്ങിയ ഭരണാധികാരികളെക്കുറിച്ച് പറയുന്ന ഭാഗങ്ങളാണ് കുറയ്ക്കുന്നത്. മുഗൾ സാമ്രാജ്യത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പാഠഭാഗവും ഒഴിവാക്കും.

ബെംഗളൂരു: മുസ്‌ലിം രാജാക്കൻമാരെക്കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിക്കുറക്കാൻ കർണാടകയിലെ പാഠപുസ്തക പരിഷ്‌കാര കമ്മിറ്റിയുടെ തീരുമാനം. ടിപ്പു സുൽത്താൻ, ബാബർ, മുഹമ്മദ് ബിൻ തുഗ്ലക്ക് തുടങ്ങിയ ഭരണാധികാരികളെക്കുറിച്ച് പറയുന്ന ഭാഗങ്ങളാണ് കുറയ്ക്കുന്നത്.

ടിപ്പുവിനെ മഹത്വവൽക്കരിക്കുന്ന വിശേഷണങ്ങൾ പൂർണമായും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ടിപ്പുവിനെക്കുറിച്ച് പറയുന്ന ഭാഗത്ത് 'മൈസൂർ കടുവ', 'സ്വാതന്ത്ര്യസമര സേനാനി' തുടങ്ങിയ വിശേഷണങ്ങൾ ഒഴിവാക്കും. മുഗൾ സാമ്രാജ്യത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പാഠഭാഗവും ഒഴിവാക്കും. ഇനി ഒരു സംക്ഷിപ്ത വിവരണം മാത്രമാണ് പുസ്തകങ്ങളിൽ ഉണ്ടാവുക.

കശ്മീരിലെ കർകോട്ട സാമ്രാജ്യത്തെക്കുറിച്ചും അസമിലെ അഹോം സാമ്രാജ്യത്തെക്കുറിച്ചുമുള്ള വിവരങ്ങൾ പുതുതായി സിലബസിൽ ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

''ടിപ്പുവോ ശിവജിയോ ആരുമാവട്ടെ, എവിടെയൊക്കെ മഹത്വവൽക്കരണമുണ്ടോ അതൊന്നും സത്യമല്ല, നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കാനും സത്യസന്ധമായ വിവരങ്ങൾ ഉൾപ്പെടുത്താനുമാണ് ഞങ്ങൾ തീരുമാനിച്ചത്. ടിപ്പുവിനെക്കുറിച്ച് പ്രചരിക്കുന്ന ഒരുപാട് കാര്യങ്ങൾ സത്യമല്ല, ആറു മുതൽ 10 വരെ ക്ലാസുകളിലെ അത്തരം വിവരങ്ങളെല്ലാം ഞങ്ങൾ ഒഴിവാക്കി''-പാഠപുസ്തക പരിഷ്‌കാര കമ്മിറ്റി തലവൻ രോഹിത് ചക്രതീർഥ പറഞ്ഞു.

ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും പിറവിയെക്കുറിച്ച് പറയുന്ന പുതിയ 'മതങ്ങളുടെ ഉദയം' എന്ന അധ്യായത്തിന്റെ മുഖവുര പൂർണമായും ഒഴിവാക്കി. ബ്രാഹ്‌മണർ മൃഗങ്ങളെ ബലിയർപ്പിക്കുകയും പാലും നെയ്യും അഗ്നിദേവന് സമർപ്പിക്കുകയും ചെയ്തിരുന്നതായി പറയുന്ന ഭാഗമാണ് ഒഴിവാക്കിയത്.

ചരിത്ര പുസ്തകങ്ങളിൽ ബിജെപി കാവിവൽക്കരണം നടത്തുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. ''നിലവിലുള്ള ചരിത്ര പുസ്തകങ്ങൾ അവരുടെ വാദങ്ങളെ പിന്തുണക്കുന്നില്ല. അവർ ഒരിക്കലും ചരിത്രസമരത്തിന്റെയോ സ്വാതന്ത്ര്യപോരാട്ടങ്ങളുടെയോ ഭാഗമായിരുന്നില്ല. അവർ തങ്ങളുടെ ഐക്കണുകളെ നമ്മുടെ ചരിത്ര പുസ്തകങ്ങളിൽ പ്രതിഷ്ഠിക്കാൻ ശ്രമിക്കുകയാണ്''-കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.


Similar Posts