കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശിപാർശ ചെയ്ത് ലഫ്റ്റനന്റ് ഗവർണർ
|നിരോധിത ഭീകര സംഘടനയില്‍ നിന്ന് ധനസഹായം കൈപ്പറ്റിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശിപാർശ ചെയ്ത് ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന. നിരോധിത ഭീകര സംഘടനയായ 'സിഖ്സ് ഫോർ ജസ്റ്റിസി'ൽ നിന്ന് രാഷ്ട്രീയ ധനസഹായം കൈപ്പറ്റിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ദേവേന്ദ്രപാൽ ഭുള്ളറിനെ മോചിപ്പിക്കാനും ഖാലിസ്ഥാൻ അനുകൂല വികാരം ഉയർത്തിപ്പിടിക്കാനും കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പിൽ നിന്ന് 16 മില്യൺ ഡോളർ കൈപ്പറ്റിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എൽജി സക്സേന നടപടി സ്വീകരിച്ചത്. വേൾഡ് ഹിന്ദു ഫെഡറേഷന്റെ അഷൂ മോംഗിയയാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്.
അതേസമയം പാർട്ടിക്കും നേതാവിനുമെതിരായ ഗൂഢാലോചനയാണ് ഗവർണ്ണറുടെ നടപടിയെന്ന് മുതിർന്ന എഎപി നേതാവ് സൗരഭ് ഭരദ്വാജ് പ്രതികരിച്ചു. എൽജി സാർ ബിജെപിയുടെ ഏജന്റാണ്, തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റിലും ബിജെപി തോൽക്കുമെന്നും ഭരദ്വാജ് പറഞ്ഞു.
ഡൽഹി സർക്കാരിൻ്റെ മദ്യ നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ മാർച്ച് 21ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് കെജ്രിവാള് ഇപ്പോഴും കസ്റ്റഡിയിലാണ്.