'മുതിര്‍ന്ന ബി.ജെ.പി നേതാവിന്റെ സന്ദര്‍ശനം പോലെ'; രാഷ്ട്രപതിയുടെ യു.പി പര്യടനത്തെ വിമര്‍ശിച്ച് എസ്.പി
|രണ്ട് മാസങ്ങളുടെ ഇടവേളയിലാണ് രാഷ്ട്രപതി വീണ്ടും യു.പി പര്യടനത്തിനെത്തിയിരിക്കുന്നത്. ജൂണ്‍ മാസത്തിലും അദ്ദേഹം യു.പിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഉത്തര്‍പ്രദേശ് പര്യടനത്തെ വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി. രാഷ്ട്രപതിയുടെ സന്ദര്‍ശനം ബി.ജെ.പി രാഷ്ട്രീയനേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവിന്റെ പര്യടനത്തിന് സമാനമായ രീതിയിലാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനമെന്നും സമാജ്‌വാദി പാര്‍ട്ടി കുറ്റപ്പെടുത്തി.
രാഷ്ട്രപതിക്ക് അദ്ദേഹം ആഗ്രഹിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാവണം. പക്ഷെ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിലൂടെ രാഷ്ട്രീയ നേട്ടത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇത് രാജ്യത്തിന്റെ പ്രസിഡന്റിന്റെ സന്ദര്‍ശനം പോലെ തോന്നുന്നില്ല എന്ന് പറയാന്‍ എനിക്ക് ഒരു മടിയുമില്ല, ഇത് ബി.ജെ.പിയുടെ ഒരു മുതിര്‍ന്ന നേതാവിന്റെ യാത്രയാണെന്ന് തോന്നുന്നു. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി രാഷ്ട്രപതി സ്ഥാനം പോലും ബി.ജെ.പി ഉപയോഗപ്പെടുത്തുകയാണ്-സമാജ്‌വാദ് പാര്‍ട്ടി നേതാവ് പവന്‍ പാണ്ഡെ പറഞ്ഞു.
രണ്ട് മാസങ്ങളുടെ ഇടവേളയിലാണ് രാഷ്ട്രപതി വീണ്ടും യു.പി പര്യടനത്തിനെത്തിയിരിക്കുന്നത്. ജൂണ്‍ മാസത്തിലും അദ്ദേഹം യു.പിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ലഖ്‌നൗവിലെ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയിലെ കോണ്‍വക്കേഷന്‍ പരിപാടിയോടെയാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനം ആരംഭിക്കുന്നത്. രാമക്ഷേത്ര നിര്‍മാണം നടക്കുന്ന അയോധ്യയിലേക്കുള്ള ട്രെയിന്‍ യാത്രയാണ് പര്യടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടി.
രാഷ്ട്രപതി ഭവന്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം അയോധ്യയില്‍ യൂ.പി സര്‍ക്കാരിന്റെ ടൂറിസം/സാംസ്‌കാരിക വകുപ്പുകളുടെ വിവിധ പരിപാടികളില്‍ രാഷ്ട്രപതി പങ്കെടുക്കും. രാമക്ഷേത്ര നിര്‍മാണ ഭൂമി സന്ദര്‍ശിക്കുന്ന രാഷ്ട്രപതി അവിടെ പൂജയില്‍ പങ്കെടുക്കുമെന്നും രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കി.