India
ലിങ്കായത് സന്യാസി മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ; പിന്നിൽ ബ്ലാക്ക്മെയിലിങ് എന്ന് പൊലീസ്
India

ലിങ്കായത് സന്യാസി മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ; പിന്നിൽ ബ്ലാക്ക്മെയിലിങ് എന്ന് പൊലീസ്

Web Desk
|
25 Oct 2022 4:31 PM GMT

ഒരു സ്ത്രീയുമായുള്ള ഓഡിയോ സംഭാഷണം വച്ച് ചിലർ സന്യാസിയെ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു.

രാമന​ഗര: ലിങ്കായത് സന്യാസിയെ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ രാമ​ന​ഗര ജില്ലയിലെ ​കഞ്ചു​ഗൽ ബൻഡേ മഠത്തിലെ 45കാരനായ ബസവലിം​ഗ സ്വാമിയാണ് മരിച്ചത്. മഠത്തിലെ ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മരണത്തിന് കാരണം ചിലരുടെ ബ്ലാക്ക്മെയ്ലിങ് ആണെന്ന് പൊലീസ് പറയുന്നു. ഒരു സ്ത്രീയുമായുള്ള ഓഡിയോ സംഭാഷണം വച്ച് ചിലർ സന്യാസിയെ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ അവസാന ഫോൺ കോളുകൾ ഈ ബ്ലാക്ക്മെയിലിങ്ങിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.

തന്നെ സ്ഥാനത്തു നിന്നും പുറത്താക്കാൻ ശ്രമിക്കുന്ന ചിലരുടെ ഉപദ്രവം സ​ഹിക്കനാവാതെയാണ് ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കുന്ന രണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 25 വർഷത്തോളം ബസവലിംഗ സ്വാമിയായിരുന്നു മഠം മേധാവി. സംഭവത്തിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

പതിവായി പുലർച്ചെ നാലിന് പൂജാമുറി തുറക്കാറുള്ള സന്യാസി തിങ്കളാഴ്ച രാവിലെ ആറു മണിയായിട്ടും മുറി തുറക്കാതിരുന്നതോടെ ജീവനക്കാർ പരിഭ്രാന്തരായി. കതകിൽ മുട്ടി വിളിച്ചിട്ടും ഫോൺ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടർന്ന് ജീവനക്കാർ മുറിയുടെ പിന്നിൽ ചെന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ അവർ പൊലീസിൽ വിവരമറിയിച്ചു.

തന്നെ ചിലർ ബ്ലാക്ക്മെയിൽ ചെയ്യുന്നുവെന്നു പറയുന്ന ആത്മഹത്യാ കുറിപ്പിൽ, അവരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞെങ്കിലും അവ വെളിപ്പെടുത്താൻ അവർ വിസമ്മതിച്ചു.

സെപ്തംബറിൽ ബെല​ഗാവി ജില്ലയിലെ ശ്രി ​ഗുരുമദിവലേശ്വർ മഠത്തിന്റെ തലവനായ ബസവ സിദ്ധലിംഗ സ്വാമിയെ സമാന രീതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. എന്നാൽ കുറിപ്പിന്റെ ഉള്ളടക്കം പുറത്തുവിട്ടിരുന്നില്ല.

കർണാടകയിലെ ചില മഠങ്ങളിൽ നടന്ന ലൈംഗികാതിക്രമ കേസുകളെ കുറിച്ച് രണ്ട് സ്ത്രീകൾ വെളിപ്പെടുത്തുന്ന വീഡിയോയിൽ തന്റെ പേരും പരാമർശിച്ചതിൽ സന്യാസി അസ്വസ്ഥനായിരുന്നുവെന്ന് മഠം വൃത്തങ്ങൾ പറഞ്ഞിരുന്നു.

Similar Posts