India
counterfeit alcohol; Up to life imprisonment: Tamil Nadu amends law,dmk,aidmk,bjp,latest news,വ്യാജ മദ്യം; ജീവപര്യന്തം തടവ് വരെ ലഭിക്കും: നിയമം ഭേദഗതി ചെയ്ത് തമിഴ്‌നാട്
India

കള്ളക്കുറിച്ചി മദ്യ ദുരന്തം; സ്റ്റാലിൻ ഉത്തരവാദിത്തം ഏറ്റെടുക്കണം: ബിജെപി നേതാവ്

അരുണ്‍രാജ് ആര്‍
|
20 Jun 2024 12:16 PM GMT

എക്‌സൈസ് മന്ത്രി എസ് മുത്തുസാമിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും പി സുധാകർ റെഡ്ഡി

ചെന്നൈ: കള്ളക്കുറിച്ചിയിലെ മദ്യ ദുരന്തത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഏറ്റെടുക്കണമെന്നും എക്‌സൈസ് മന്ത്രി എസ് മുത്തുസാമിയെ ഉടൻ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും തമിഴ്‌നാട്ടിൽ നിന്നുള്ള ബിജെപിയുടെ ദേശീയ നേതാവ് പി സുധാകർ റെഡ്ഡി. '' കള്ളക്കുറിച്ചിയിൽ അനധികൃത മദ്യം കഴിച്ചതിനെ തുടർന്ന് സംഭവിച്ച 35ലധികം പേരുടെ ദാരുണമായ മരണത്തിൽ ഞാൻ ദുഃഖിതനാണ്. ഭരണകക്ഷിയുടെ കഴിവുകെട്ടതും അഴിമതി നിറഞ്ഞതുമായ ഭരണത്തിന്റെ ദാരുണമായ ഉദാഹരണമാണ് ഈ സംഭവം,'' റെഡ്ഡി പിടിഐയോട് പറഞ്ഞു. സംഭവം സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ, മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി ബി ഗോകുൽദാസിന്റെ നേതൃത്വത്തിൽ ഏകാംഗ കമ്മീഷനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മദ്യദുരന്തത്തിൽ സമീപകാലത്തുണ്ടായ അപകടങ്ങളും അതിന്റെ കാരണങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്‌നാട് സർക്കാർ 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും അടിയന്തരമായി നൽകും.

കള്ളക്കുറിച്ചിയിലെ കരുണപുരത്താണ് മദ്യദുരന്തമുണ്ടായത്. പ്രദേശത്ത് വ്യാജമദ്യം വിറ്റ ഗോവിന്ദരാജൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളിൽ നിന്ന് 200 ലിറ്റർ വ്യാജമദ്യം കണ്ടെടുത്തു. മദ്യത്തിൽ മെഥനോളിൻറെ അംശം സ്ഥിരീകരിച്ചതായി തമിഴ്‌നാട് സർക്കാർ അറിയിച്ചു.

ദുരന്തത്തിന് പിന്നാലെ കള്ളക്കുറിച്ചി കലക്ടർ ശ്രാവൺ കുമാർ ജെതാവത്തിനെ സ്ഥലം മാറ്റിയിരുന്നു. ജില്ലാ പൊലീസ് മേധാവി സമയ് സിങ് മീണയെ സസ്‌പെൻഡ് ചെയ്യാനും തീരുമാനമായി. ദുരന്തത്തിൽ സിബിസിഐഡി അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സസ്‌പെൻഡ് ചെയ്തു.



Similar Posts