ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് സ്റ്റേ ഇല്ല; കേരളത്തോട് വിശദീകരണം തേടി സുപ്രീംകോടതി
|ഇന്നു തന്നെ മറുപടി നൽകണമെന്നാണ് നിര്‍ദേശം. ഹരജി നാളെ വീണ്ടും പരിഗണിക്കും.
സംസ്ഥാനത്ത് ബലിപെരുന്നാള്‍ പ്രമാണിച്ച് അനുവദിച്ച ലോക്ക്ഡൗണ്‍ ഇളവുകള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ കോടതി കേരളത്തോട് വിശദീകരണം തേടി. ഇന്ന് തന്നെ മറുപടി നൽകണമെന്നാണ് നിര്‍ദേശം. ഹരജി നാളെ വീണ്ടും പരിഗണിക്കും.
സംസ്ഥാനത്ത് കോവിഡ് വ്യാപനവും രോഗ നിരക്കും കൂടുതലുള്ളതിനാൽ ഇളവുകൾ റദ്ദാക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. കേരളത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ മനുഷ്യരുടെ ജീവന്‍വെച്ച് സര്‍ക്കാര്‍ പന്താടുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡല്‍ഹി മലയാളിയായ പി.കെ.ഡി നമ്പ്യാരാണ് ഹരജി സമര്‍പ്പിച്ചത്.
അതേസമയം, കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കഴിഞ്ഞദിവസം സ്വമേധയ എടുത്ത കേസ് തീര്‍പ്പാക്കി. കന്‍വാര്‍ യാത്ര റദ്ദാക്കിയെന്ന യു.പി സർക്കാറിന്റെ സത്യവാങ്മൂലം അംഗീകരിച്ചായിരുന്നു കോടതി നടപടി.