കലിംഗമണ്ണ് പിടിച്ചടക്കുമോ ബിജെപി; മറികടക്കുമോ പട്നായിക്കിന്റെ ആധിപത്യം
|ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ഒഡിഷ
കലിംഗ രാജാക്കന്മാരിൽ നിന്ന് അശോക ചക്രവര്‍ത്തി കീഴടക്കിയ ചരിത്രമാണ് ഒഡിഷയുടേത്. ഉത്കലയെന്നും ഒറീസയെന്നും ഒഡിഷയെന്നും പേരുള്ള സംസ്ഥാനത്ത് പ്രാദേശിക പാര്‍ട്ടിക്ക് ശക്തമായ വേരോട്ടവും ആധിപത്യവുമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ഒഡിഷ. ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മുന്‍തൂക്കം നവീന്‍ പട്നായിക്കിന്റെ, വര്‍ഷങ്ങളായി സംസ്ഥാന ഭരണം കൈയ്യാളുന്ന ബിജു ജനതാദളി(ബിജെഡി)നാണ്.
മണ്ഡലങ്ങളും രാഷ്ട്രീയ പര്‍ട്ടികളും
ആകെ 21 ലോക്സഭാ മണ്ഡലങ്ങളാണ് ഒഡിഷയിലുള്ളത്. ഇതില്‍ എട്ട് സീറ്റുകള്‍ എസ്.സി-എസ്ടി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തവയാണ്. മൂന്നെണ്ണം എസ്.സി, അഞ്ച് എണ്ണം എസ്.ടി എന്നിങ്ങനെയാണ് കണക്ക്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നവീന്‍ പടിനായികിന്റെ നേതൃത്വത്തില്‍ 21 ല്‍ 12 സീറ്റും ബിജെഡി നേടി. എട്ട് സീറ്റില്‍ ബിജെപിയും ഒരുസീറ്റില്‍ കോണ്‍ഗ്രസും ജയിച്ചു. ബിജു ജനതാദള്‍ ആണ് പ്രധാന രാഷ്ട്രീയപാര്‍ട്ടി. ഭാരതീയ ജനതാ പാര്‍ട്ടി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസിറ്റ്) എന്നിവയാണ് സംസ്ഥാനത്ത് പ്രത്യക്ഷത്തിലുള്ള സുപ്രധാന പാര്‍ട്ടികള്‍.
സഖ്യമോ ഒറ്റയ്ക്കോ?
ഒഡിഷ പിടിക്കാന്‍ ബിജെഡിക്കൊപ്പം സഖ്യമുണ്ടാക്കാനുള്ള ബിജെപി നീക്കങ്ങള്‍ എങ്ങുമെത്തിയില്ലെങ്കിലും സഖ്യ സാധ്യത തള്ളികളയാനാവില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ബിജെഡി-ബിജെപി സഖ്യസാധ്യതയില്ലെന്നും തനിച്ച് മത്സരിക്കാനാണ് തീരുമാനമെന്നും ഇരു പാര്‍ട്ടി നേതാക്കളും അറിയിച്ചിരുന്നുവെങ്കിലും ചര്‍ച്ചകളും നീക്കങ്ങളും ഇരുകൂട്ടര്‍ക്കുമിടയില്‍ നടക്കുന്നുണ്ട്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇരു വിഭാഗത്തെയും പരസ്പരം അകറ്റി നിര്‍ത്തുന്നത്. 14 ലോക്സഭാ സീറ്റുകള്‍ വേണമെന്ന ബിജെപിയുടെ ആവശ്യമാണ് ബിജെഡിയെ സഖ്യ ആശയത്തില്‍ നിന്നും പിന്നോട്ട് വലിക്കുന്നത് എന്നാണ് വിവരം. എന്നാല്‍ ആരുമായും സഖ്യമില്ലെങ്കിലും ഒറ്റയ്ക്ക് മത്സരിക്കാനും ജയിക്കാനും കഴിയുമെന്ന ആത്മവിശ്വാസം നവീന്‍ പട്നായിക്കിനുണ്ട്. ബിജെപിക്ക് പ്രധാന്യം കിട്ടുമോ എന്ന ആശങ്കയും അദ്ദേഹത്തെ അല്പം അലട്ടുന്നില്ലെന്ന് പറയാതിരിക്കാനാവില്ല.
ബിജെഡി കഴിഞ്ഞാല്‍ സംസ്ഥാനത്ത് വേരോട്ടമുള്ള പ്രധാന പാര്‍ട്ടിയായ ബിജെപിക്ക് സഖ്യമില്ലാതെ ലോക്സഭാ സീറ്റുകള്‍ പിടിച്ചെടുക്കാമെന്ന ധൈര്യമുണ്ട്. എന്നാല്‍ മോദി തരംഗം വീശിയടിച്ച 2014-ല്‍ ഒരു സീറ്റിലേക്ക് ഒതുങ്ങിയ ചരിത്രവും ബിജെപിക്കുണ്ട്. അതിനാല്‍ തന്നെ ബിജെഡിക്കൊപ്പം കൂടിയാല്‍ ബിജെപിക്ക് സീറ്റിന്റെ കാര്യത്തില്‍ ഭയപ്പെടേണ്ടി വരില്ല. 11 വര്‍ഷത്തോളം സഖ്യം ചേര്‍ന്ന് ഒരുമിച്ച് മത്സരിച്ചവരാണെങ്കിലും 15 വര്‍ഷം മുന്‍പ് എന്‍ഡിഎയില്‍ നിന്നും ബിജെഡി വിട്ടു പോവുകയായിരുന്നു. സഖ്യം യാഥാര്‍ത്ഥ്യമായാല്‍ തിരുത്തപ്പെടുന്നത് ഒഡിഷയിലെ മറ്റൊരു രാഷ്ട്രീയ സമവാക്യം കൂടിയായിരിക്കും.
കോണ്‍ഗ്രസിന്റെ തന്ത്രം
കഴിഞ്ഞ രണ്ട് ലോക്സഭാ മത്സരങ്ങളിലും കോണ്‍ഗ്രസിന് വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. 2014ല്‍ ഒരു സീറ്റുപോലും ഇല്ലാതിരുന്ന കോണ്‍ഗ്രസ് ആ വിഷമം മാറ്റിയത് 2019ല്‍ കേവലം ഒറ്റ സീറ്റ് മാത്രം നേടിയാണ്. ഒഡിഷയില്‍ കോണ്‍ഗ്രസിന്റെ പ്രധാന ഉന്നം ബിജെഡിയായിരിക്കും. ഭാഷ, സാംസ്കാരിക മൂല്യങ്ങള്‍ തുടങ്ങി പല പ്രാദേശിക വിഷയങ്ങളിലൂടെ ഭരണം നിലനിര്‍ത്തുന്ന നവീന്‍ പട്നായിക്കിന് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ബിജെപി-ബിജെഡി സഖ്യം സംബന്ധിച്ച് കാത്തിരുന്ന് കാണാമെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍ മുന്നോട്ട് വെച്ചത്.
സംസ്ഥാനത്തെ പ്രശ്നങ്ങള്‍ മുഖ്യധാരയിലെത്തിച്ച് പ്രാദേശിക വാദങ്ങളിലൂടെ ബിജെഡിയെ തടയിടാനാണ് കോണ്‍ഗ്രസ് തന്ത്രം മെനയുന്നത്. മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ പിന്തുടര്ച്ചക്കാരനെന്ന് പാര്ട്ടിക്കാര് പോലും പറയുന്ന വി.കെ പാണ്ഡ്യനിലേക്കും കോണ്‍ഗ്രസ് ആരോപണം എറിയുന്നുണ്ട്. പാര്‍ട്ടി അംഗവും നവീന്‍ പട്നായിക്കിന്റെ വിശ്വസ്തനുമായ വി.കെ പാണ്ഡ്യനോട് പാര്‍ട്ടിക്കിടയില്‍ തന്നെ അതൃപ്തികളുണ്ട്. പാണ്ഡ്യനെ ഉന്നം വച്ചാല്‍ അത് നേരെ കൊള്ളുക ബിജെഡിക്കായിരിക്കുമെന്ന് കോണ്‍ഗ്രസിനറിയാം. അതേസമയം സഖ്യമില്ലെങ്കില്‍ സംയമനത്തോടെ നീങ്ങാനാണ് ബിജെപി ശ്രമിക്കുന്നത്. ഭാഷാ, പ്രാദേശിക വാദ പ്രചാരണങ്ങള്‍ക്ക് പിന്നാലെ പോകാതെ, വികസനം ഉയര്‍ത്തികാട്ടി പ്രചാരണം നടത്താനാണ് ബിജെപിയുടെ നീക്കം.
നവീന്‍ പട്നായിക്ക് എന്ന വന്മരം
23 വര്‍ഷമായി ഒഡീഷയുടെ മുഖ്യമന്ത്രിയായി തുടരുന്ന നവീന്‍ പട്നായിക്കിന് പകരമായി മറ്റൊരു പേര് ഇന്നു വരെ അവിടെ ഉയര്‍ന്നിട്ടുണ്ടാവില്ല. ബിജു പട്നായികിന്റെ മകന് എന്ന പിന്‍ബലവും രാഷ്ട്രീയ പാരമ്പര്യവും അദ്ദേഹത്തെ തുണച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ ആര് ഭരിച്ചാലും സംസ്ഥാനത്തെ കാര്യങ്ങള്‍ വേണ്ടരീതിയില്‍ നടക്കണമെന്ന പോളിസിയാണ് അദ്ദേഹത്തിന്റേത്. ഒഡിയ അറിയാത്ത മുഖ്യമന്ത്രി എന്ന പേര് ദോഷം നേരിട്ട നവീന്‍ അതേ ഭാഷയെ ആയുധമാക്കി ഭരണം നിലനിര്‍ത്തിയ ആളാണ്. വലിയ രീതിയിലുള്ള ഭരണവിരുദ്ധ വിഷയങ്ങള്‍ ഒഡീഷയിലില്ല. സ്ത്രീകളെ ലക്ഷ്യമിട്ട് പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ വലിയ തോതില്‍ വനിതാ വോട്ടുകള്‍ ബിജെഡിക്ക് ലഭിക്കാറുണ്ട്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെ സീറ്റുകളില്‍ 33 ശതമാനവും സ്ത്രീകള്‍ക്കായി മാറ്റിവെച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് 10 അധിക അവധി ദിനങ്ങള്‍ അദ്ദേഹം അടുത്തിടെ പ്രഖ്യാപിച്ചതും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഒഡിഷ സര്‍ക്കാരിന്റെ കാലാവധി ജൂണില്‍ അവസാനിക്കാനിരിക്കെ സംസ്ഥാനം നിയമസഭ തെരഞ്ഞെടുപ്പുകൂടി മുന്നില്‍ കാണുന്നുണ്ട്. തീയതികളില്‍ വ്യക്തത തെരഞ്ഞെടുപ്പ് കമ്മിഷന് വരുത്തിയിട്ടില്ലെങ്കിലും 2019 ല്‍ സംഭവിച്ചതു പോലെ ഇരു തെരഞ്ഞെടുപ്പും സമീപ ദിനങ്ങളിലുണ്ടായേക്കും. ഒരുപക്ഷെ സംസ്ഥാന ഭരണത്തിന്റെ കൂടി ഭാവി നിര്‍ണയിക്കുന്നതാവും ഈ ലോക്സഭാ തെരഞ്ഞെടുപ്പ്.
2019ല്‍ ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചാണ് ഒഡിഷയില്‍ തെരഞ്ഞെടുപ്പ് നടന്നത്. നിയമസഭയില്‍ 147ല്‍ 115 സീറ്റുകള്‍ നേടി ബി.ജെ.ഡി ഭരണം നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.ഡിക്ക് അടി പതറി. 21 ലോക്സഭ മണ്ഡലങ്ങളില്‍ 12 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. ഇത്തവണയും ലോക്സഭക്കൊപ്പമാണ് നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്നത്.
ജാതി സമവാക്യം
പട്ടികവര്‍ഗ്ഗക്കാരുടെ ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്താണ് ഒഡിഷ. ലോക്സഭാ മണ്ഡലങ്ങളില്‍ എട്ടെണ്ണം എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തതാണ്.അതില്‍ നിന്നു തന്നെ സംസ്ഥാനത്തെ അവരുടെ സ്വാധീനം വ്യക്തമാണ്. ഏറെ പ്രതിപക്ഷ ആരോപണം നേരിട്ടിട്ടും ഒഡിഷയില്‍ പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) സെന്‍സസ് നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ നവീന്‍ പട്നായികിന്റെ തുറുപ്പു ചീട്ടും രാഷ്ട്രീയ നീക്കവുമാണ് ജാതി സെന്‍സെസ് എന്ന് അന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ഒഡീഷയിലെ ജനസംഖ്യയില്‍ 54% വരും മറ്റു പിന്നാക്ക വിഭാഗങ്ങള്‍. 2021 ല്‍ രൂപീകരിച്ച പിന്നാക്ക വിഭാഗ കമ്മിഷന് സര്‍വേ നടത്തി സംസ്ഥാനത്തു 209 സമുദായങ്ങളെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് 22 വിഭാഗങ്ങളെക്കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ അനുമതി നല്കി നല്കുകയുമുണ്ടായി. ജാതി സമവാക്യങ്ങള്‍ ശക്തമായി തുടരുന്ന ഒഡിഷയില്‍ വോട്ടും അതിനൊപ്പം മാറിമറിയും