അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്; ആറ് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങള്‍ വിധിയെഴുതും
|നാല് ഘട്ടങ്ങളിലായി ആകെ 67 ശതമാനം പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയത്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറു സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശത്തെയും 49 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. നാല് ഘട്ടങ്ങളിലായി ആകെ 67 ശതമാനം പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയത്.
അഞ്ചാം ഘട്ടത്തിൽ 695 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതൽ മണ്ഡലങ്ങളുള്ളത് ഉത്തർപ്രദേശിലാണ്. ഉത്തര്‍പ്രദേശിലെ അമേഠിയും റായ്‌ബറേലിയുമാണ് അഞ്ചാം ഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയ ലോക്സഭാമണ്ഡലങ്ങള്‍. ഉത്തർപ്രദേശ് 14 മണ്ഡലങ്ങളിലും മഹാരാഷ്ട്രയിലെ 13 മണ്ഡലങ്ങളിലും പശ്ചിമ ബംഗാൾ ഏഴും ബീഹാർ, ഒഡീഷ എന്നിവിടങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലും ജാർഖണ്ഡ് മൂന്നും ജമ്മു കാശ്മീറിലേയും ലഡാക്കിലെയും ഓരോ മണ്ഡലങ്ങളിലും ആണ് വിധിയെഴുത്ത്.
നാലാം ഘട്ട വോട്ടെടുപ്പിൽ 69.16 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. നാലു ഘട്ടങ്ങളിലായി 379 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. നാല് ഘട്ടങ്ങളിലെയും വോട്ടിംഗ് ശതമാനത്തിലെ കുറവ് രാഷ്ട്രീയ പാർട്ടികളെ ആശങ്കപ്പെടുത്തുന്നുണ്ട്. ശേഷിക്കുന്ന മൂന്ന് ഘട്ടങ്ങളിലും പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പാർട്ടികൾ നടത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ്‌സിംഗ്, പിയൂഷ് ഗോയലും എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാൻ, ഒമർ അബ്ദുള്ള അടക്കമുള്ള പ്രമുഖരും അഞ്ചാംഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.