India
Lok Sabha election 2024 Phase 6 on saturday
India

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം ശനിയാഴ്ച; 58 മണ്ഡലങ്ങൾ വിധിയെഴുതും

Web Desk
|
22 May 2024 1:01 AM GMT

രാഹുൽ ഗാന്ധി ഇന്ന് ഹരിയാനയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലും പ്രചാരണം നടത്തും.

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം ശനിയാഴ്ച നടക്കും. 58 മണ്ഡലങ്ങളിലായി 895 സ്ഥാനാർഥികളാണ് മത്സരംഗത്തുള്ളത്. രാഹുൽ ഗാന്ധി ഇന്ന് ഹരിയാനയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലും പ്രചാരണം നടത്തും. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 58 മണ്ഡലങ്ങളാണ് ശനിയാഴ്ച വിധിയെഴുതുന്നത്. ആറാംഘട്ടത്തിൽ ഏറ്റവുമധികം മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത് ഉത്തർപ്രദേശിലാണ്.

ഉത്തർപ്രദേശ് - 14, ഹരിയാന - 10, ബിഹാർ - എട്ട്, ഡൽഹി - ഏഴ്, ജമ്മു കശ്മീർ - ഒന്ന്, ജാർഖണ്ഡ് - നാല്, ഒഡീഷ - ആറ്, പശ്ചിമ ബംഗാൾ - എട്ട് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം. പ്രചാരണം കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോൾ മുതിർന്ന നേതാക്കളെ രംഗത്തിറക്കി കളം പിടിക്കാനുള്ള ഒരുക്കത്തിലാണ് എൻ.ഡി.എയും ഇൻഡ്യാ മുന്നണിയും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡൽഹിയിലും, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹരിയാനയിലും പ്രചാരണം നടത്തും. നരേന്ദ്രമോദിക്ക് പുറമേ ആറ് മുഖ്യമന്ത്രിമാരും ഡൽഹിയിൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിനെത്തും.

കനയ്യ കുമാർ, മേനക ഗാന്ധി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ,കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ തുടങ്ങിയ പ്രമുഖരും ശനിയാഴ്ച ജനവിധി തേടും.

Similar Posts