ലോക്‌സഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് ഇത്തവണ രാജസ്ഥാനിൽ പ്രതീക്ഷ
|നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വോട്ട് ശതമാനത്തിലെ മികച്ച പ്രകടനവും ചെറുകക്ഷികളുമായുള്ള കൂട്ടുകെട്ടും തുണയാകും എന്നാണ് പ്രതീക്ഷ.
ജയ്പൂര്‍: കഴിഞ്ഞ പത്തുവർഷമായി ഒരു ലോക്സഭാംഗം പോലുമില്ലാത്ത കോൺഗ്രസിന് ഇത്തവണ രാജസ്ഥാനിൽ പ്രതീക്ഷയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വോട്ട് ശതമാനത്തിലെ മികച്ച പ്രകടനവും ചെറുകക്ഷികളുമായുള്ള കൂട്ടുകെട്ടും തുണയാകും എന്നാണ് പ്രതീക്ഷ.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായ രണ്ട് തോൽവികളുടെ ക്ഷീണത്തിലാണ് കോൺഗ്രസ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ സംപൂജ്യരായപ്പോൾ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെടുകയും ചെയ്തു. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് അല്പം കരുതലോടെയാണ് ഇത്തവണ കോൺഗ്രസ് തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്.
ലോക് താന്ത്രിക് പാർട്ടിയെയും ഇടതുപക്ഷത്തെയും കൂടെക്കൂട്ടി. നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് വ്യത്യാസം ഒന്നര ശതമാനത്തിൽ കുറവ് മാത്രമാണ് എന്നുള്ളതും കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നു.
സീറ്റ് നിലനിർത്തുക എന്നത് ബി.ജെ.പിക്ക് വെല്ലുവിളിയാണ്. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതിരുന്ന വസുന്ധരാ രാജെ സിന്ധ്യ ഇപ്പോഴും ഇടഞ്ഞുനിൽക്കുകയാണ്. മന്ത്രിസഭയിൽ വേണ്ടത്ര പരിഗണന ലഭിക്കാത്ത ഗുജ്ജർ സമുദായവും പിണക്കത്തിലാണ്. ചുരുവിലെ സിറ്റിംഗ് എം.പിയായ രാഹുൽ കസ്വാൻ കോൺഗ്രസിലേക്ക് പോയതും വെല്ലുവിളിയാണ്.
രണ്ട് തവണ എംപിയായ രാഹുൽ കസ്വാന്, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചിരുന്നു. പിന്നാലെയാണ് കോൺഗ്രസിൽ ചേർന്നത്. രാഷ്ട്രീയ കാരണങ്ങളാൽ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പാർലമെൻ്റ് അംഗത്വത്തിൽ നിന്നും രാജി വെക്കുന്നതായും അദ്ദേഹം അറിയിച്ചിരുന്നു.