India
akhilesh yadav and rahul gandhi
India

ലോക്സഭാ തെരഞ്ഞെടുപ്പ്: യു.പിയിൽ കോൺഗ്രസ് - സമാജ്‍വാദി പാർട്ടി ധാരണ

Web Desk
|
21 Feb 2024 1:06 PM GMT

നിർണായക ഇടപെടലുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ലോക്സഭാ തെരെഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിൽ ധാരണയായി. കോൺഗ്രസിന് 17 സീറ്റ് നൽകാമെന്നാണ് എസ്.പിയുടെ ഉറപ്പ് . ഇതോടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് പങ്കെടുക്കാനുള്ള തടസ്സം മാറി.

80 സീറ്റുകളുള്ള യു.പിയിൽ 63 ഇടത്ത് സമാജ് വാദി പാർട്ടിയും 17 മണ്ഡലങ്ങളിൽ കോൺഗ്രസും മത്സരിക്കാനാണ് ധാരണ. 11 സീറ്റുകളാണ് കോൺഗ്രസിനായി എസ്.പി ആദ്യം മാറ്റിവെച്ചിരുന്നത്. ആർ.എൽ.ഡി എൻ.ഡി.എയിലേക്ക് പോയതോടെ ഇവർക്കായി മാറ്റിവെച്ച ആറ് സീറ്റ് കൂടി നൽകുന്നതോടെയാണ് 17ലെത്തിയത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉണ്ടായിരുന്ന 21 സീറ്റ് അടക്കം 24 മണ്ഡലങ്ങൾ വേണമെന്നായിരുന്നു കോൺഗ്രസ് നിലപാട്.

ഇത്രയും സീറ്റ് കോൺഗ്രസിന് നൽകാനാവില്ല എന്ന വാശിയിൽ എസ്.പി ഉറച്ചുനിന്നതോടെ പ്രശ്നപരിഹാരത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇടപെട്ടു. ഇതോടെ എസ്.പി വാഗ്ദാനം ചെയ്ത സീറ്റിൽ കോൺഗ്രസ് വഴങ്ങി.

കോൺഗ്രസും എസ്.പിയും ഒരുമിച്ച് മത്സരിക്കുമെന്നും ഇൻഡ്യ സഖ്യത്തെ ശക്തിപ്പെടുത്തുമെന്നും എസ്.പി നേതാവ് രവിദാസ് മെഹ്‌റോത്ര വ്യക്തമാക്കി.

സീറ്റ് തർക്കം പരിഹരിച്ചതോടെ, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കാൻ അഖിലേഷ് യാദവ് തയാറാകും . സീറ്റ് ധാരണയിൽ എത്താതെ യാത്രയിൽ പങ്കെടുക്കില്ല എന്നായിരുന്നു അഖിലേഷിന്റെ നിലപാട്. ഫെബ്രുവരി 24നോ 25നോ അഖിലേഷ് രാഹുലുമായി വേദി പങ്കിടുമെന്നാണ് കരുതുന്നത്.

Similar Posts