ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 13നു ശേഷമെന്ന് റിപ്പോര്‍ട്ട്
|മാർച്ച് മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സമ്പൂർണ മന്ത്രിസഭാ യോഗം ചേരും
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 13നു ശേഷമെന്നു സൂചന. തെരഞ്ഞെടുപ്പ് കമ്മിഷന്റെ സംസ്ഥാന പര്യടനം പൂർത്തിയായാൽ ഉടൻ പ്രഖ്യാപനമുണ്ടാകും. മാർച്ച് മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സമ്പൂർണ മന്ത്രിസഭാ യോഗം ചേരും.
നിലവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തമിഴ്നാട്ടിലാണ് സന്ദർശനം നടത്തുന്നത്. അടുത്ത ദിവസങ്ങളിൽ ഉത്തർപ്രദേശിലും പിന്നാലെ ജമ്മു കശ്മീരിലും കമ്മിഷൻ എത്തും. സംസ്ഥാനങ്ങളിലെ സാഹചര്യം, പ്രശ്നബാധിത ബൂത്തുകളുടെ വിവരങ്ങൾ, ആവശ്യമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം അടക്കം കമ്മിഷൻ വിലയിരുത്തുന്നുണ്ട്. മാർച്ച് 13നുമുന്‍പ് സംസ്ഥാന പര്യടനം പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ലക്ഷ്യം. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി മാർച്ച് മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സമ്പൂർണ മന്ത്രിസഭാ യോഗം ചേരും.
അതേസമയം, ഈ വർഷം തെരഞ്ഞെടുപ്പ് കൂടുതൽ സുഗമമാക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാനും തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതു തടയാനാണ് എ.ഐ ഉപയോഗിക്കുക. 96.88 കോടി വോട്ടർമാരാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുക. ഇതിൽ 18നും 19നും ഇടയിലുള്ള 1.85 കോടി യുവ വോട്ടർമാരുമുണ്ട്.
Summary: Lok Sabha poll schedule likely to be announced after March 13: Report