'ഇതോടെ തീരുന്നില്ല; ഇവിടെ തുടങ്ങുകയാണ്'-മഹാരാഷ്ട്ര വിജയത്തില്‍ ഉദ്ദവ് താക്കറെ
|നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദ്ദവ് ശിവസേന ഒറ്റയ്ക്കു മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മഹാവികാസ് അഘാഡി നേതാക്കള്‍ ഇന്ന് സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയത്
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദ്ദവ് ശിവസേന ഒറ്റയ്ക്കു മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സംയുക്ത വാര്‍ത്താ സമ്മേളനവുമായി മഹാവികാസ് അഘാഡി(എം.വി.എ) നേതാക്കള്‍. നിയമസഭയിലും സഖ്യം തുടരുമെന്ന സൂചനയാണു വാര്‍ത്താസമ്മേളനത്തില്‍ ഉദ്ദവ് നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എം.വി.എ പ്രകടനം ഒരു തുടക്കം മാത്രമാണെന്നും ഇതോടെ അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കാനുള്ള പോരാട്ടമായിരുന്നു ഇത്. നിയമസഭാ തെരഞ്ഞെടുപ്പും അധികം വൈകാതെ എത്തുകയാണ്. മഹാവികാസ് അഘാഡിയുടെ ഈ തെരഞ്ഞെടുപ്പ് വിജയം അന്ത്യമല്ല. ഇവിടെ തുടങ്ങുകയാണെന്നും ഉദ്ദവ് പറഞ്ഞു.
ഇതുവരെയും മോദി സര്‍ക്കാരായിരുന്നു ഇത്. ഇപ്പോള്‍ എന്‍.ഡി.എ സര്‍ക്കാരായി മാറിയിട്ടുണ്ട്. എത്രകാലം ഈ സര്‍ക്കാര്‍ നിലനില്‍ക്കുമെന്നു കാത്തിരുന്നു കാണാം. ബി.ജെ.പി തന്നെയാണ് 400 സീറ്റ് മുദ്രാവാക്യം ഉയര്‍ത്തിയത്. മോദിയുടെ ഗ്യാരന്റിക്കും അഛേ ദിന്‍ മുദ്രാവാക്യത്തിനുമെല്ലാം എന്തു സംഭവിച്ചു? ഓട്ടോറിക്ഷയുടെ മുച്ചക്രം എന്നു പറഞ്ഞാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ഞങ്ങളുടെ സര്‍ക്കാരിനെ ആക്ഷേപിച്ചിരുന്നത്. ഇപ്പോള്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ സ്ഥിതിയും അതുതന്നയല്ലേയെന്നും ഉദ്ദവ് പരിഹസിച്ചു.
എന്‍.സി.പി നേതാവ് ശരത് പവാര്‍, കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍, ആദിത്യ താക്കറെ, സഞ്ജയ് റാവത്ത് തുടങ്ങിയ നേതാക്കളെല്ലാം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. മഹാരാഷ്ട്രയില്‍ എം.വി.എയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചതിന് നരേന്ദ്ര മോദിയോട് നന്ദിയുണ്ടെന്ന് ശരത് പവാര്‍ പരിഹസിച്ചു. സംസ്ഥാനത്ത് മോദി റോഡ് ഷോയും റാലിയും നടത്തിയയിടങ്ങളിലെല്ലാം ബി.ജെ.പി തോല്‍ക്കുകയും എം.വി.എ സഖ്യം നേട്ടമുണ്ടാക്കുകയും ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ മാറ്റത്തിന്റെ സൂചനയാണെന്ന് പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം മഹാരാഷ്ട്രയില്‍ ഭരണമാറ്റം ആസന്നമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Summary: 'Lok Sabha poll victory is the beginning': Shiv Sena (UBT) chief Uddhav Thackeray hails MVA's election win