ജയലളിതയുടെ തോഴി വി.കെ ശശികലക്കും സഹോദരഭാര്യ ഇളവരശിക്കുമെതിരെ അറസ്റ്റ് വാറണ്ട്
|നോട്ടീസ് നല്‍കിയിട്ടും തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ബെംഗളൂരുവിലെ പ്രത്യേക ലോകായുക്ത കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുമ്പോള്‍ വിഐപി പരിഗണന ലഭിക്കാന്‍ കൈക്കൂലി നല്‍കിയെന്ന കേസില്‍ അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികലക്കും സഹോദരഭാര്യ ഇളവരശിക്കുമെതിരെ അറസ്റ്റ് വാറണ്ട്. നോട്ടീസ് നല്‍കിയിട്ടും തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ബെംഗളൂരുവിലെ പ്രത്യേക ലോകായുക്ത കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുമ്പോള്‍ ആഡംബര സൗകര്യങ്ങൾക്കായി ശശികലയും ഇളവരശിയും ജയിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നാണ് ആരോപണം.അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികല നാല് വർഷം ബംഗളൂരു ജയിലിൽ കഴിഞ്ഞിരുന്നു.കേസിലെ നാലാം പ്രതിയായിരുന്നു ഇളവരശി. ജയിലിനുള്ളിൽ ശശികലയ്ക്ക് ജയിൽ ഉദ്യോഗസ്ഥർ നിരവധി ആഡംബരങ്ങൾ ഒരുക്കിയെന്ന് അന്നത്തെ ഡിഐജി ഡി. രൂപ ആരോപിച്ചിരുന്നു.ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ വിനയ് കുമാറിന്‍റെ നേതൃത്വത്തിൽ സർക്കാർ ഏകാംഗ സമിതി രൂപീകരിച്ചു.ശശികലയ്ക്കും ഇളവരശിക്കും പരിധിയില്ലാതെ സന്ദര്‍ശകരെ കാണാനുള്ള സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ജയിലില്‍ ലഭിച്ചിരുന്നതായി സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വർഷം മേയ് മാസത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്കെതിരായ ക്രിമിനൽ നടപടികൾ കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു.ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശികല ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2021 ഫെബ്രുവരിയിലാണ് ശശികല ജയില്‍മോചിതയായത്. ശശികലയുടെ തിരിച്ചുവരവ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാകുമെന്നായിരുന്നു പലരും കരുതിയത്. എന്നാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെന്ന് പിന്നീട് ശശികല പ്രഖ്യാപിച്ചു. ഇത് കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുൻപ് ശശികല വീണ്ടും രാഷ്ട്രീയത്തിലേക്ക് വരുന്നതായി സൂചന നൽകുകയും ചെയ്തു. അതിനിടെ നടന്‍ രജനീകാന്തിനെ വീട്ടിലെത്തി സന്ദര്‍ശിച്ചതും ചര്‍ച്ചയായിരുന്നു.