ശിക്ഷാ കാലാവധിയുടെ മൂന്നിലൊന്ന് ജയിലിലായ വിചാരണത്തടവുകാർക്ക് ജാമ്യം അനുവദിക്കാൻ നീക്കം
|ശാസ്ത്രീയവും വേഗത്തിലുള്ളതുമായ നീതിന്യായ സംവിധാനം രാജ്യത്ത് നടപ്പാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
ന്യൂഡൽഹി: ലഭിക്കാവുന്ന പരമാവധി ശിക്ഷാകാലാവധിയുടെ മൂന്നിലൊന്ന് കാലം ജയിലിൽ കഴിഞ്ഞ വിചാരണത്തടവുകാർക്ക് ജാമ്യം അനുവദിക്കാൻ നീക്കം. ഭരണഘടനാദിനമായ നവംബർ 26ന് ഇവരെ ജാമ്യത്തിൽ വിടാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നത്. ഈ മാനദണ്ഡം ബാധകമാവുന്നവരെ കണ്ടെത്താൻ ജയിൽ സൂപ്രണ്ടുമാർക്ക് സുപ്രിംകോടതിയും കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇത്തരം കേസുകൾ ബന്ധപ്പെട്ട കോടതികളിലേക്ക് ജാമ്യത്തിനായി അയക്കാനും നിർദേശിച്ചിട്ടുണ്ട്.
വിചാരണത്തടവുകാരെ ജാമ്യമില്ലാതെ തടവിൽവെക്കാവുന്ന പരമാവധി കാലയളവ് നിഷ്‌കർഷിക്കുന്ന ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 479-ാം വകുപ്പിന് മുൻകാലപ്രാബല്യമുണ്ടെന്ന് കേന്ദ്രം ഈയിടെ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഭരണഘടനയുടെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ശിക്ഷാകാലാവധിയുടെ മൂന്നിലൊന്ന് കാലം വിചാരണത്തടവുകാരായി ജയിലിൽ കഴിയുന്നവരെ വിട്ടയക്കാൻ ആലോചിക്കുന്നത്. ഗുരുതരമല്ലാത്ത കുറ്റംചെയ്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
നേരത്തെ നിലവിലുണ്ടായിരുന്ന സിആർപിസി 436എ വകുപ്പ് പ്രകാരം ശിക്ഷാകാലാവധിയുടെ പകുതി പൂർത്തിയാക്കിയവർക്കാണ് ജാമ്യത്തിന് അർഹതയുണ്ടായിരുന്നത്. പുതുതായി വന്ന ബിഎൻഎസ്എസ് പ്രകാരം അത് മൂന്നിലൊന്ന് കാലയളവാക്കിയതാണ് വിചാരണത്തടവുകാർക്ക് നേട്ടമാകുന്നത്. ആദ്യമായി കുറ്റം ചെയ്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ഈ വർഷം ആദ്യത്തിൽ സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 134,799 പേരാണ് വിചാരണകാത്ത് ജയിലിൽ കഴിയുന്നത്. ഇവരിൽ 11,448പേർ അഞ്ച് വർഷത്തിലേറെയായി വിധി കാത്ത് കഴിയുകയാണ്. ശാസ്ത്രീയവും വേഗത്തിലുള്ളതുമായ നീതിന്യായ സംവിധാനം രാജ്യത്ത് നടപ്പാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.