'ജഗന്നാഥൻ മോദിയുടെ ഭക്തൻ'; വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് സംബിത് പത്ര, മലക്കംമറിച്ചില്‍
|നരേന്ദ്ര മോദി ഇന്ന് പുരിയിലെ ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിനു പിന്നാലെയായിരുന്നു സംബിത് പത്രയുടെ പരാമർശം
ഭുവനേശ്വർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് സംബിത് പത്ര. ജഗന്നാഥൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനാണെന്നായിരുന്നു പാത്രയുടെ പരാമർശം. ഭുവനേശ്വറിൽ ഒഡിഷ സംസ്‌കാരത്തെ കുറിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു ഇത്. വിവാദമായതോടെ നാക്കുപിഴയാണെന്ന വിശദീകരണവുമായി പത്ര രംഗത്തെത്തിയിട്ടുണ്ട്.
നരേന്ദ്ര മോദി ഇന്ന് പുരിയിലെ ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിനു പിന്നാലെയായിരുന്നു സംബിത് പത്രയുടെ പരാമർശം. പുരിയിൽ ഭഗവാൻ ശ്രീജഗന്നാഥനോട് പ്രാർഥിച്ചുവെന്നും അവന്റെ അനുഗ്രഹങ്ങൾ എന്നും നമ്മൾക്കു മേലുണ്ടാകട്ടെയെന്നുമാണ് സന്ദർശനത്തിനു ശേഷം മോദി സോഷ്യൽ മീഡിയയിൽ കുറിച്ചത്. പുരോഗതിയുടെ പുത്തൻ ഉയരങ്ങളിലേക്ക് അവൻ നമ്മെ നയിക്കട്ടെയെന്നും മോദി കുറിച്ചു.
പുരി ലോക്‌സഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി കൂടിയാണ് സംബിത് പത്ര. കഴിഞ്ഞ ദിവസം ഇവിടെ പത്രയ്‍ക്കൊപ്പം മോദി റോഡ് ഷോ നടത്തിയിരുന്നു. മോദിയുടെ സന്ദർശനത്തിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പത്രയുടെ വിവാദ പരാമർശം.
ലക്ഷക്കണക്കിനു പേർ മോദിയെ കാണാനായി ഇവിടെ എത്തിയിട്ടുണ്ടെന്ന് പത്ര പറഞ്ഞു. ''ജഗന്നാഥനും മോദിയുടെ ഭക്തനാണ്. നമ്മളെല്ലാവരും മോദി കുടുംബാംഗങ്ങളാണ്. വികാരങ്ങൾ നിയന്ത്രിക്കാൻ എനിക്കാകുന്നില്ല. എല്ലാ ഒഡിഷക്കാരുടെയും ചരിത്രദിനമായിരിക്കും ഇന്ന്.''-ഇങ്ങനെയായിരുന്നു പത്രയുടെ പരാമർശം.
അഭിപ്രായപ്രകടനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. കോടിക്കണക്കിനു വരുന്ന ജഗന്നാഥ ഭക്തരുടെ വികാരമാണ് സംബിത് പത്ര വ്രണപ്പെടുത്തിയതെന്ന് ഒഡിഷ മുഖ്യമന്ത്രിയും ബിജു ജനതാദൾ(ബി.ജെ.ഡി) നേതാവുമായ നവീൻ പട്‌നായിക് പ്രതികരിച്ചു. ജഗന്നാഥൻ പ്രപഞ്ചത്തിന്റെ മൊത്തം ദൈവമാണ്. മഹാപ്രഭുവിനെ ഒരു മനുഷ്യന്റെ ഭക്തനെന്നു പറയുന്നത് അവഹേളനമാണ്. കോടിക്കണക്കിനു വരുന്ന ജഗന്നാഥ ഭക്തരുടെയും ലോകമെങ്ങുമുള്ള ഒഡിഷക്കാരുടെയും വികാരം വ്രണപ്പെടുത്തുകയും വിശ്വാസത്തെ അവഹേളിക്കുകയുമാണ് ഇതിലൂടെ ചെയ്തിരിക്കുന്നതെന്നും പട്‌നായിക് വിമർശിച്ചു.
ഒഡിഷക്കാരുടെ അഭിമാനത്തിനുമേലുള്ള ആക്രമണമാണു പത്രയുടെ പരാമർശമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ജഗന്നാഥൻ മോദിയുടെ ഭക്തനാണെന്നാണ് പത്ര പറയുന്നത്. ദേശീയ മാധ്യമങ്ങൾക്കും ഓരോ ഒഡിഷക്കാർക്കും മുന്നിൽ കൈക്കൂപ്പി പത്ര മാപ്പുപറയണം. അധിക്ഷേപ പരാമർശമാണു നടത്തിയിരിക്കുന്നത്. പറയുമ്പോൾ വാക്കുകൾ ശ്രദ്ധിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
വിവാദങ്ങൾക്കു പിന്നാലെ നാക്കുപിഴ പറഞ്ഞു തടിയൂരുകയായിരുന്നു സംബിത് പത്ര. പുരിയിൽ നടന്ന മോദിയുടെ റോഡ് ഷോയ്ക്കു പിന്നാലെ ഒരുപാട് മാധ്യമങ്ങൾക്ക് ഞാൻ ബൈറ്റുകൾ കൊടുത്തിട്ടുണ്ട്. എല്ലായിടത്തും മോദി ജഗന്നാഥന്റെ കടുത്ത ഭക്തനാണെന്നാണു പറഞ്ഞത്. ഇതിലൊന്നിൽ അറിയാതെ നേരെ തിരിച്ചുപറഞ്ഞുപോയി. ഇതെല്ലാം നിങ്ങൾക്കും അറിയാം. അതുകൊണ്ട് ഇല്ലാത്ത വിഷയം പറഞ്ഞ് പ്രശ്‌നമുണ്ടാക്കരുതെന്നും എല്ലാവർക്കും നാക്കുപിഴ സംഭവിക്കുമെന്നും പട്നായിക്കിനെ അഭിസംബോധന ചെയ്തു പത്ര കൂട്ടിച്ചേർത്തു.
രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് പുരിയിലെ ജഗന്നാഥക്ഷേത്രം. 12-ാം നൂറ്റാണ്ടിൽ നിർമിച്ച ക്ഷേത്രത്തിൽ ജഗന്നാഥൻ എന്ന പേരില്‍ അറിയപ്പെടുന്ന ശ്രീകൃഷ്ണനാണു പ്രധാന പ്രതിഷ്ഠ.
Summary: ‘Lord Jagannath is Modi’s bhakt’: Sambit Patra's claims lands BJP in trouble