യോഗി ആദിത്യനാഥ് പൂര്‍ണ പരാജയമാണ്, ആര്‍ക്കും അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിക്കില്ല; അഖിലേഷ് യാദവ്
|ബി.ജെ.പി രാജ്യസഭാ എം.പി ഹര്‍നാഥ് സിങ് ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദക്ക് അയച്ച കത്തിലെ പരാമര്‍ശത്തിനുള്ള മറുപടിയായാണ് അഖിലേഷിന്റെ പ്രസ്താവന
ഭഗവാന് കൃഷ്ണന് എല്ലാ ദിവസവും തനിക്ക് സ്വപ്നത്തില്‍ ദര്‍ശനം നല്‍കാറുണ്ടെന്ന് മുന്‍ യുപി മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്.പി പാര്‍ട്ടി ജയിക്കുമെന്ന് ഭഗവാന് കൃഷ്ണന് പറയാറുണ്ടെന്നും യാദവ് അവകാശപ്പെട്ടു.
ബി.ജെ.പി രാജ്യസഭാ എം.പി ഹര്‍നാഥ് സിങ് ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദക്ക് അയച്ച കത്തിലെ പരാമര്‍ശത്തിനുള്ള മറുപടിയായാണ് അഖിലേഷിന്റെ പ്രസ്താവന. മഥുര സീറ്റില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ നിര്‍ത്തണമെന്നും അവിടെ യോഗി നിന്നാല്‍ വിജയം സുനിശ്ചിതമാണെന്നു ശ്രീകൃഷ്ണന് തനിക്ക് സ്വപ്ന ദര്‍ശനം നല്‍കിയെന്നും കത്തില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി എവിടെ മത്സരിക്കാന്‍ പറഞ്ഞാലും അവിടെ മത്സരിക്കാനിറങ്ങും എന്നാണ് യോഗിയുടെ നിലപാട്.
ബി.ജെ.പി എം.പിയുടെ സ്വപ്നത്തിന്റെ കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അഖിലേഷിന്റെ പ്രതികരണം. 'ബാബ (യോഗി ആദിത്യനാഥ്) പൂര്‍ണ പരാജയമാണ്. ഒരാള്‍ക്കും ഇനി അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിക്കില്ല. ഭഗവാന് കൃഷ്ണന് എല്ലാ ദിവസവും എന്റെ സ്വപ്നങ്ങളില്‍ വരാറുണ്ട്. അടുത്ത സര്‍ക്കാര്‍ നമുക്ക് രൂപികരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം എന്നോട് പറയാറുമുണ്ട്'- അഖിലേഷ് തിരിച്ചടിച്ചു.
2012 മുതൽ 2017 വരെയുള്ള കാലയളവിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു അഖിലേഷ് യാദവ്. 2019ൽ അസംഗഡ് മണ്ഡലത്തിൽ നിന്നാണ് യാദവ് ലോക്സഭയിലേക്ക് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയും എസ്.പിയും തമ്മിൽ രൂക്ഷമായ വാക് പോരിനാണ് സംസ്ഥാനം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. ക്രമസമാധാനം, രാമക്ഷേത്രം, പിയൂഷ് ജെയിൻ കേസ്, മാഫിയ രാജ് തുടങ്ങി നിരവധി വിഷയങ്ങളിൽ ഇരു പാർട്ടികളും പരസ്പരം പോരടിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം വന്‍തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് സമാജ്വാദി പാര്‍ട്ടി നടത്തുന്നത്. പാർട്ടി അധികാരത്തിലെത്തിയാൽ എല്ലാവർക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൃഷി ആവശ്യങ്ങൾക്കും ജലസേചനത്തിനും സൗജന്യ വൈദ്യുതി നൽകുമെന്ന് പ്രഖ്യാപനമുണ്ട്.
#WATCH | "Lord Sri Krishna comes to my dream every night to tell me that our party is going to form the government," said Former UP CM and Samajwadi Party chief Akhilesh Yadav yesterday pic.twitter.com/rmq1p8XgwT
— ANI UP/Uttarakhand (@ANINewsUP) January 4, 2022