India
500 രൂപാ നോട്ടിൽ ഗാന്ധിക്കു പകരം ശ്രീരാമൻ, ചെങ്കോട്ടയ്ക്കു പകരം രാമക്ഷേത്രം-യാഥാർത്ഥ്യമെന്ത്?
India

500 രൂപാ നോട്ടിൽ ഗാന്ധിക്കു പകരം ശ്രീരാമൻ, ചെങ്കോട്ടയ്ക്കു പകരം രാമക്ഷേത്രം-യാഥാർത്ഥ്യമെന്ത്?

Web Desk
|
19 Jan 2024 5:33 AM GMT

രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് പുതിയ കറൻസികളും പുറത്തിറക്കുമെന്നാണു പ്രചാരണം

മുംബൈ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി 500 രൂപാ നോട്ടുകളിൽ മഹാത്മാ ഗാന്ധിക്കു പകരം ശ്രീരാമന്റെയും രാമക്ഷേത്രത്തിന്റെയും ചിത്രം കൊണ്ടുവരുമെന്ന് സോഷ്യൽ മീഡിയയിൽ സംഘ്പരിവാർ ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ) പുതിയ നോട്ടുകൾ പുറത്തിറക്കുന്നുവെന്നാണു വാദം.

പുതിയ 500 രൂപാ നോട്ടുകളുടെ മാതൃകകൾ എന്ന പേരിൽ ഗാന്ധിയുടെ സ്ഥാനത്ത് ശ്രീരാമന്റെ ചിത്രമടങ്ങിയ കറൻസികൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചെങ്കോട്ടയ്ക്കു പകരം രാമക്ഷേത്രവും കണ്ണടയ്ക്കു പകരം അമ്പും വില്ലും കറൻസികളിൽ ഇടംപിടിച്ചിട്ടുണ്ട്. രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ടാ ചടങ്ങ് നടക്കുന്ന ജനുവരി 22നു പുതിയ നോട്ടുകൾ പുറത്തുവിടുമെന്നാണ് സംഘ്പരിവാർ ഹാൻഡിലുകൾ വാദിക്കുന്നത്.

എന്നാൽ, പ്രചാരണം തെറ്റാണെന്ന് ദേശീയ മാധ്യമങ്ങളായ ഹിന്ദുസ്ഥാൻ ടൈംസും ഇന്ത്യാ ടുഡേയും റിപ്പോർട്ട് ചെയ്യുന്നു. മോർഫ് ചെയ്ത ചിത്രങ്ങളാണു പ്രചരിക്കുന്നതെന്നും ഇത്തരത്തിലൊരു നീക്കവും ഇപ്പോൾ നടക്കുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. raghunmurthy07 എന്ന എക്‌സ് ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട ചിത്രമാണ് വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്. രാമഭക്തനായ ഗാന്ധിക്കും ഇതേ ആവശ്യമായിരിക്കും ഉണ്ടായിരിക്കുക എന്ന അടിക്കുറിപ്പോടെയാണ് സ്വന്തമായി എഡിറ്റ് ചെയ്ത ചിത്രങ്ങൾ ഇയാൾ പോസ്റ്റ് ചെയ്തത്.

എഡിറ്റ് ചെയ്ത ചിത്രം കൈയിൽനിന്നു പോയതോടെ രഘു മൂർത്തിയുടെ ഹാൻഡിലിൽ വിശദീകരണവും വന്നിട്ടുണ്ട്. തന്റെയൊരു സർഗാത്മകമായൊരു സൃഷ്ടി വ്യാജവാർത്ത പ്രചരിപ്പിക്കാനായി ആരോ ദുരുപയോഗപ്പെടുത്തുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞു. എന്റെ സൃഷ്ടിയുമായി ചേർത്തുവച്ചു പ്രചരിപ്പിക്കുന്ന വ്യാജവിവരങ്ങളെ പിന്തുണയ്ക്കുകയോ ഏറ്റെടുക്കുകയോ ചെയ്യുന്നില്ല. തന്റെ സർഗാത്മകതയെ മറ്റൊരു തരത്തിലും തെറ്റായി അവതരിപ്പിക്കപ്പെടരുതെന്നും രഘുമൂർത്തി വ്യക്തമാക്കി.

22ന് അയോധ്യയിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു തുടക്കമിടുകയെന്നാണു പുറത്തുവരുന്ന വിവരം. ലക്ഷ്മികാന്ത് ദീക്ഷിത്തിന്റെ നേതൃത്വത്തിലുള്ള പുരോഹിതന്മാരുടെ സംഘമാണു ആരാധനാ ചടങ്ങുകൾക്കു മേൽനോട്ടം വഹിക്കുക.

ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഇൻഡ്യ സഖ്യത്തിലെ ഭൂരിഭാഗം പാർട്ടി നേതാക്കളും സമാനമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

Summary: Is RBI replacing Mahatma Gandhi with Lord Ram and Ram Mandir on Rs 500 notes?-Fact check

Similar Posts