'പരമശിവന് നമ്മുടെ സംരക്ഷണം ആവശ്യമില്ല'; കൈയേറ്റ ഭൂമിയിലെ ക്ഷേത്രം തകർത്ത കേസില് ഡൽഹി ഹൈക്കോടതി
|യമുന നദിക്കരയിലെ കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും പൊളിച്ചുനീക്കിയാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ശിവനായിരിക്കുമെന്ന് കോടതി നിരീക്ഷിച്ചു
ന്യൂഡൽഹി: ഭഗവാൻ ശിവന് ആരുടെയും സംരക്ഷണത്തിന്റെ ആവശ്യമില്ലെന്ന് ഡൽഹി ഹൈക്കോടതി. യമുന നദിക്കരയിലെ ക്ഷേത്രം കൈയേറ്റ ഭൂമിയിലാണെന്നു ചൂണ്ടിക്കാട്ടി പൊളിച്ചതിനെതിരായ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. യമുന നദീതീരത്തെ കൈയേറ്റങ്ങൾ പൊളിച്ചാൽ ദൈവം കൂടുതൽ സന്തോഷിക്കുകയാണു ചെയ്യുകയെന്നും കോടതി നിരീക്ഷിച്ചു.
യമുന നദിയോട് ചേർന്ന ഗീതാ കോളനിയിലെ പ്രാചീൻ ശിവക്ഷേത്രം തകർത്തതിനെതിരായ ഹരജി പരിഗണിക്കുകയായിരുന്നു ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ധർമേഷ് ശർമ. പരമശിവന് നമ്മുടെ സംരക്ഷണത്തിന്റെ ആവശ്യമില്ല. പകരം നമുക്കാണ് അവന്റെ സംരക്ഷണവും അനുഗ്രഹവും വേണ്ടത്. യമുന നദിക്കരയിലെ കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും പൊളിച്ചുനീക്കിയാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ശിവനായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും ജസ്റ്റിസ് ധർമേഷ് നിരീക്ഷിച്ചു.
ക്ഷേത്രത്തിലെ പ്രതിഷ്ഠയായ പരമശിവനെ കേസിൽ പ്രതിനിധീകരിക്കണമെന്ന ഹരജിക്കാരന്റെ അഭിഭാഷകന്റെ അർധമനസ്സോടെയുള്ള അപേക്ഷ, സ്ഥാപിത താൽപര്യക്കാർക്കു വേണ്ടി ഈ വിഷയത്തിനു തീർത്തും വ്യത്യസ്തമായ നിറം നൽകാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമാണെന്നും കോടതി കുറ്റപ്പെടുത്തി. ദിവസവും 300 മുതൽ 400 വരെ വിശ്വാസികൾ എത്തുന്ന ആത്മീയകേന്ദ്രമാണു ക്ഷേത്രമെന്ന്് ഹരജിക്കാരായ പ്രാചീൻ ശിവമന്ദിർ അവാം അഘാഡ സമിതി കോടതിയിൽ പറഞ്ഞു. ക്ഷേത്രത്തിന്റെ സ്വത്തുക്കൾ സുതാര്യമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യാൻ വേണ്ടിയാണ് 2018ൽ പരാതിക്കാരായ സൊസൈറ്റിക്കു രൂപംനൽകിയതെന്നും ഹരജിക്കാർ വാദിച്ചു.
തർക്കഭൂമി പൊതുതാൽപര്യത്തിലുള്ള വിഷയമാണെന്നും നിക്ഷിപ്ത താൽപര്യങ്ങൾക്കു വേണ്ടി ആ സ്ഥലം കൈയേറാൻ സൊസൈറ്റിക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. നഗരവികസന മന്ത്രാലയത്തിന്റെ സോൺ 'ഒ' വികസന പദ്ധതി പ്രദേശങ്ങളിൽ ഉൾപ്പെടുന്നതാണ് ഈ ഭൂമിയും. യമുന നദിയെ പുനരുജ്ജീവിപ്പിക്കാനായി 2021ൽ ആരംഭിച്ച ഡൽഹി മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ഒരുപാട് നടപടികൾ കൈക്കൊള്ളുന്നുണ്ട്. അതിന്റെ ഭാഗമായാണു കൈയേറ്റങ്ങൾ ഒഴിപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
Summary: ''Lord Shiva doesn't need anyone's protection'': Says Delhi High Court on plea against demolition of unauthorized temple