ലോറി അർജുന്റേത് തന്നെ; സ്ഥിരീകരിച്ച് പൊലീസ്
|15 അടി താഴ്ച്ചയിലാണ് ലോറിയുള്ളതെന്ന് പൊലീസ്
അങ്കോല: മണ്ണിടിച്ചിലിൽ കാണാതായ അർജുനായി നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ ലോറി അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഭാരത് ബെൻസ് ലോറിയാണ് കണ്ടെത്തിയത്. അർജുനും ഉണ്ടായിരുന്നത് ഇതേ ലോറി തന്നെയായിരുന്നു. 15 അടി താഴ്ച്ചയിലാണ് ലോറിയുള്ളതെന്ന് അധികൃതർ പറഞ്ഞു. കരയിൽ നിന്ന് 20 മീറ്റർ അകലെ 15 അടി താഴ്ച്ചയിലാണ് ലോറിയുഴള്ളതെന്നാണ് സോണാർ സിഗ്നൽ നൽകുന്ന വിവരം. നിർണായക വിവരം ലഭിച്ചത് രക്ഷാദൗത്യത്തിന്റെ 9ാം നാൾ. കണ്ടെത്തിയ ലോറി അർജുന്റേത് തന്നെയെന്ന് കർണാടക റവന്യു മന്ത്രി, ജില്ലാ പൊലീസ് മേധാവി, ജില്ലാ ഭരണകൂടം, എം.എൽ.എ തുടങ്ങിയവരും സ്ഥിരീകരിച്ചിട്ടുണ്ട്.
കനത്ത മഴയും കാറ്റും വലിയ വെല്ലുവിളിയുയർത്തിയതിനാൽ നേവി സംഘം താൽകാലികമായി രക്ഷാപ്രവർത്തനം നിർത്തി വെച്ചു. എന്നാൽ മഴയെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ച ബൂം എക്‌സ്‌കാവേറ്റർ വീണ്ടും രക്ഷാപ്രവർത്തനത്തിനായി തിരിച്ചിറങ്ങി. നിലിവിൽ മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. പക്ഷെ പ്രതികൂല കാലാവസ്ഥ ഇതിന് വെല്ലുവിളിയാണ്. ലോറി പുറത്തെത്തിക്കാനുള്ള ദൗത്യം ആസൂത്രണം ചെയ്യാൻ സേനകളുടെ സംയുക്ത യോഗം ഉടൻ ചേരും. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ രക്ഷാപ്രവർത്തനം നിർത്തിവെച്ചിരുന്നു. എന്നാൽ ഇന്ന് രാത്രയിലും രക്ഷാപ്രവർത്തനം തുടരാനാണ് സേനാ വിഭാഗത്തിന്‍റെ തീരുമാനം. എന്നാൽ ഇതിന് കാലാവസ്ഥ വെല്ലുവിളിയാകുമോ എന്നൊരു ആശങ്കയും നിലനിൽക്കുണ്ട്.
ലോറിയുടെ ലൊക്കേഷൻ എന്ന് സംശയിക്കുന്ന ചിത്രം നേവി നേരത്തെ പുറത്തുവിട്ടിരുന്നു. സോണാർ സിഗ്നൽ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. നിർണായാക ദൃശ്യം മീഡിയാവണിന് ലഭിച്ചു. ഒരു ട്രക്ക് വെള്ളത്തിൽ കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഢ വ്യക്തമാക്കിയിരുന്നു.