‘കർഷകർ കളപറിക്കാനിറങ്ങി’ ബി.ജെ.പി കടപുഴകിയത് 5 സംസ്ഥാനങ്ങളിലെ 38 സീറ്റുകളിൽ
|കർഷക സമരത്തിനെതിരെ കനത്ത നിലപാട് സ്വകീരിച്ച കൃഷി മന്ത്രി അർജുൻ മുണ്ട തോറ്റതും വൻ ഭൂരിപക്ഷത്തിലാണ്
ന്യൂഡൽഹി:കർഷക സമരം ശക്തമായ സംസ്ഥാനങ്ങളിലെല്ലാം ബി.ജെപിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി.രണ്ടാം മോദി സർക്കാർ തുടർന്ന കർഷക വിരുദ്ധ നിലപാടുകളിൽ വൻ പ്രതിഷേധമാണ് രാജ്യത്ത് നടന്നത്.ഇതിന് പിന്നാലെയാണ് 2019 ൽ ജയിച്ച വിവിധ മണ്ഡലങ്ങളിലെല്ലാം ഇക്കുറി ബി.ജെ.പിക്ക് അടിതെറ്റിയത്. കർഷകർ ഒന്നടങ്കം ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കർഷക സമരത്തിനെതിരെ കനത്ത നിലപാട് സ്വകീരിച്ച കൃഷി മന്ത്രി അർജുൻ മുണ്ട തോറ്റത് വൻ ഭൂരിപക്ഷത്തിലാണ് തോറ്റത്.
പടിഞ്ഞാറൻ യുപി, പഞ്ചാബ്, ഹരിയാന, വടക്കൻ രാജസ്ഥാൻ,മഹാരാഷ്ട്രയിലെ ഉള്ളികൃഷി മേഖലയിലടക്കം ബിജെപിക്ക് 38 സീറ്റുകളാണ് നഷ്ടപ്പെട്ടത്.കർഷക രോഷം ഭയന്ന് പലയിടത്തും ബി.ജെ.പി നേതാക്കൾക്ക് പ്രചാരണം നടത്താൻ പോലും കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്.
ഫെബ്രുവരിയിൽ കർഷകർ ഡൽഹിയിലേക്ക് മാർച്ച് പുനരാരംഭിച്ചെങ്കിലും പഞ്ചാബ്-ഹരിയാന അതിർത്തിയിൽ തടഞ്ഞു.ഹരിയാനയിൽ നിന്നും പടിഞ്ഞാറൻ യു.പിയിൽ നിന്നുമുള്ള കർഷകർക്ക് തലസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുമതിയും നൽകിയിരുന്നില്ല.
കർഷക പ്രതിഷേധം മറ്റ് സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ പ്രതീക്ഷകളെ സാരമായി ബാധിച്ചു.പടിഞ്ഞാറൻ യുപിയിൽ മുസഫർനഗർ, സഹറൻപൂർ, കൈരാന, നാഗിന, മൊറാദാബാദ്, സംഭാൽ, രാംപൂർ, ബി.ജെ.പി മന്ത്രി അജയ് മിശ്രയുടെ മകൻ വാഹനം ഇടിച്ചു കയറ്റി കർഷകരെ കൂട്ടക്കൊല നടത്തിയ ലഖിംപൂർ ഖേരി എന്നിവിടങ്ങളാണ് തോൽവി അറിഞ്ഞ പ്രധാനമണ്ഡലങ്ങൾ.
രാജസ്ഥാനിലെ 11 സീറ്റുകളും ഹരിയാനയിൽ അഞ്ച് സീറ്റുകളും കൂടാതെ പഞ്ചാബിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച രണ്ട് സീറ്റുകളും ബിജെപിക്ക് നഷ്ടപ്പെട്ടു. ഉള്ളി വിളയുന്ന മഹാരാഷ്ട്രയിൽ കഴിഞ്ഞ തവണ 23 സീറ്റിൽ വിജയിച്ച ബി.ജെ.പിക്ക് ഇക്കുറി 13 സീറ്റാണ് നഷ്ടമായത്. കഴിഞ്ഞ പ്രാവശ്യം 4 സീറ്റ് കിട്ടിയ കോൺഗ്രസ് ഇക്കുറി ജയിച്ചത് 13 സീറ്റിലാണ്.
സ്വാമിനാഥൻ കമ്മീഷൻ ശിപാർശ പ്രകാരം ഉൽപന്നങ്ങൾക്ക് നിയമപരമായി ഉറപ്പുനൽകുന്ന വില ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ കഴിഞ്ഞ നാല് വർഷമായി സമരത്തിലാണ്.കാർഷിക കടം എഴുതിത്തള്ളുക, വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും അവർ മുന്നോട്ട് വെക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ ഉള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര.ഉള്ളി കർഷകർക്ക് വലിയ സ്വാധീനമുള്ളത് പ്രധാനമായും 14 പാർലമെന്റ് മണ്ഡലങ്ങളിലാണ്.2023-ൽ ആഭ്യന്തര വില നിയന്ത്രിക്കാനെന്ന് പറഞ്ഞ് ഉള്ളി കയറ്റുമതി നിരോധിച്ചത് കർഷകർക്ക് വൻ തിരിച്ചടിയായിരുന്നു. നടപടിക്കെതിരെ ഉള്ളി കർഷകർ പ്രതിഷേധിച്ചെങ്കിലും സർക്കാർ അവഗണിച്ചു.
ഉള്ളി കർഷകരുടെയും വ്യാപാരികളുടെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ തീരുമാനങ്ങളാണ് സർക്കാർ കൈക്കൊണ്ടത്. ഇത് വിലത്തകർച്ചക്കൊപ്പം വ്യാപാരികളെയും കർഷകരെയും വൻ തോതിൽ ബാധിച്ചുവെന്ന് നാസിക് ജില്ലാ ഉള്ളി ട്രേഡേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഖണ്ഡു കാക്ക ദേവ്രെ പറഞ്ഞു.
ഉള്ളി കർഷകരുടെ പ്രതിഷേധം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല,വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ സർക്കാരിനെതിരെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.ലോക്സഭയിൽ ബി.ജെ.പിക്കെതിരെ വിധിയെഴുതിയതിന് കർഷക സംഘടനയായ സംയുക്ത് കിസാൻ മോർച്ച വോട്ടർമാരെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.