'വിശ്വാസം നഷ്ടപ്പെട്ടു, നീറ്റ് രാജ്യത്തിന് ആവശ്യമില്ല, ഒഴിവാക്കുകയാണ് വേണ്ടത്': വിജയ്
|നീറ്റിനെതിരെ തമിഴ്നാട്ടിൽ നടക്കുന്ന ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലാണ് വിജയ് നിലപാട് വ്യക്തമാക്കിയത്
ചെന്നൈ: നീറ്റ് പരീക്ഷ സംബന്ധിച്ച വിവാദങ്ങള്‍ നിറഞ്ഞുനില്‍ക്കെ നിലപാട് വ്യക്തമാക്കി തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്.
നീറ്റ് പരീക്ഷ നിർത്തലാക്കുകയാണ് ഇതിനെല്ലാമുള്ള ഒരേയൊരു വഴിയെന്നാണ് അദ്ദേഹം പറഞ്ഞത്. പാർട്ടി ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നീറ്റ് പരീക്ഷ നിർത്തലാക്കാനുള്ള തമിഴ്നാട് സംസ്ഥാന അസംബ്ലിയുടെ പ്രമേയത്തെ പിന്തുണക്കുന്നതായും വിജയ് അറിയിച്ചു.
''നീറ്റ് പരീക്ഷയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. രാജ്യത്തിന് നീറ്റ് ആവശ്യമില്ല. നീറ്റിൽ നിന്ന് ഒഴിവാകുക മാത്രമാണ് ഏക പരിഹാരം. സംസ്ഥാന നിയമസഭയിൽ പാസാക്കിയ നീറ്റിനെതിരായ പ്രമേയത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരങ്ങളെ മാനിക്കണമെന്നാണ് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കാനുള്ളത്. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ നിന്ന് സംസ്ഥാന ലിസ്റ്റിലേക്ക് കൊണ്ടുവരണം''- കരഘോഷങ്ങള്‍ക്കിടെ വിജയ് പറഞ്ഞു.
''ഒരു ഇടക്കാല പരിഹാരമെന്ന നിലയിൽ, ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്ത് ഒരു പ്രത്യേക കൺകറൻ്റ് ലിസ്റ്റ് സൃഷ്ടിക്കുകയും വിദ്യാഭ്യാസവും ആരോഗ്യവും അതിനടിയിൽ ഉൾപ്പെടുത്തുകയും വേണം''- വിജയ് കൂട്ടിച്ചേര്‍ത്തു. നീറ്റിനെതിരെ തമിഴ്നാട്ടിൽ നടക്കുന്ന ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലാണ് വിജയ് നിലപാട് വ്യക്തമാക്കിയത്.
മെഡിക്കല്‍ പ്രവേശനത്തിനായി അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്നാട് നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്. മെഡിക്കല്‍ പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളെ അനുവദിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
Chennai, Tamil Nadu | "As an interim solution, the Indian Constitution should be amended to create a 'Special Concurrent List' and Education and Health should be added under it," says Vijay, TVK chief and actor, speaking on NEET issue. pic.twitter.com/MKshMeLvwo
— ANI (@ANI) July 3, 2024