‘എന്റെ ഗർഭപാത്രം നഷ്ടപ്പെട്ടു, എന്റെ വീട് നഷ്ടപ്പെട്ടു' പകരം ഞാനെന്ത് നേടിയെന്ന് അറിയാമോ? പാർലമെന്റിൽ മഹുവയുടെ തീപ്പൊരി പ്രസംഗം
|എനിക്ക് ബി.ജെ.പിയെ ഭയമില്ല, നിങ്ങളുടെ അന്ത്യം കാണുകയാണ് ലക്ഷ്യമെന്നും മഹുവ മൊയ്ത്ര
ന്യൂഡൽഹി: ലോക്സഭയിൽ മോദിക്കും ബി.ജെ.പിക്കുമെതിരെ തീപ്പൊരി പ്രസംഗവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. കഴിഞ്ഞ ലോക്സഭയിൽ പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെ കുറിച്ച് പരാമർശിച്ച മഹുവ ബി.ജെ.പിക്കും മോദിക്കുമെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. രാഹുൽ ഗാന്ധിയിൽ നിന്നേറ്റ പ്രഹരത്തിന് പിന്നാലെയായിരുന്നു മഹുവയുടെ ആക്രമണം.
എനിക്ക് എല്ലാം നഷ്ടപ്പെട്ടിരുന്നു. പക്ഷെ ഞാൻ ഭയത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയാണ് വീണ്ടും ഇവിടെ വന്ന് നിൽക്കുന്നത്. എനിക്ക് നിങ്ങളെ ഭയമില്ലെന്നും ബി.ജെ.പിയുടെ അന്ത്യം കാണുകയാണ് ലക്ഷ്യമെന്നുമായിരുന്നു മഹുവ പ്രസംഗിച്ചത്.
‘എനിക്ക് എന്റെ അംഗത്വം നഷ്ടപ്പെട്ടു, എനിക്ക് എന്റെ വീട് നഷ്ടപ്പെട്ടു. അക്കാലത്താണ് ഓപ്പറേഷനിലൂടെ എനിക്ക് എന്റെ ഗർഭപാത്രവും നഷ്ടപ്പെട്ടത്. പക്ഷെ ഞാൻ എന്താണ് നേടിയതെന്ന് നിങ്ങൾക്കറിയാമോ? ഭയത്തിൽ നിന്ന് ഞാൻ സ്വാതന്ത്ര്യം നേടി. എനിക്ക് നിങ്ങളെ പേടിയില്ല. നിങ്ങളുടെ (ബിജെപി) അന്ത്യം ഞാൻ കാണും’- മൊയ്ത്ര പറഞ്ഞു.
കഴിഞ്ഞ തവണ ഞാൻ ഇവിടെ നിന്നപ്പോൾ എന്നെ സംസാരിക്കാൻ അനുവദിച്ചില്ല. എന്നാൽ ഒരു എം.പിയെ നിശബ്ദമാക്കാൻ ശ്രമിച്ചതിന് ഭരണകക്ഷി വലിയ വിലയാണ് നൽകിയത്. അവർ എന്നെ നിശബ്ദരാക്കാൻ ആഗ്രഹിച്ചു, പക്ഷേ പൊതുജനം ബി.ജെ.പിയുടെ 63 അംഗങ്ങളെ എന്നന്നേക്കുമായി നിശബ്ദരാക്കി.
കഴിഞ്ഞതവണത്തേത് പോലെ പ്രതിപക്ഷത്തെ കൈകാര്യം ചെയ്യാൻ ഇക്കുറി നിങ്ങൾക്ക് കഴിയില്ല. സ്ഥിരതയുള്ള സർക്കാരല്ല നിങ്ങളുടേതെന്ന് ഓർമവേണം. മുന്നണികളിൽ നിന്ന് യൂടേൺ എടുത്ത ചരിത്രമുള്ള കക്ഷികളാണ് ഒപ്പമുള്ളത്.
ഏത് നിമിഷവും ഈ സർക്കാർ വീഴും. എന്നാൽ തീയിൽ കുരുത്ത 234 പോരാളികളാണ് പ്രതിപക്ഷത്തുള്ളത്. കഴിഞ്ഞതവണത്തെ പോലെ ഞങ്ങളെ നിശബ്ദരാക്കിക്കളയാമെന്ന് വ്യാമോഹിക്കണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള പ്രസംഗത്തിൽ മണിപ്പൂരിനെ കുറിച്ച് ഒരു പരാമർശവും ഉണ്ടായില്ലെന്നും മഹുവ പറഞ്ഞു.