India
Lotus-shaped fountain worth Rs 100 crore to come up near Ram Temple in Ayodhya,Ram Temple in Ayodhya,Lotus-shaped fountain in Ayodhya,അയോധ്യയില്‍ കൂറ്റന്‍ ജലധാര,താമര ആകൃതിയില്1 ജലധാര,100 കോടി രൂപ ചെലവില്‍ ജലധാര,latest national news
India

ചെലവ് നൂറ് കോടി രൂപ; അയോധ്യ രാമക്ഷേത്രത്തിന് സമീപം താമര ആകൃതിയിൽ കൂറ്റന്‍ ജലധാര വരുന്നു

Web Desk
|
25 Sep 2023 11:30 AM GMT

25,000 പേർക്ക് ഒരേസമയം കാണാൻ കഴിയുന്ന തരത്തിലാണ് ജലധാര രൂപകൽപ്പന ചെയ്തിരിക്കുന്നത്

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപം താമരയുടെ ആകൃതിയിലുള്ള ജലധാര നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ഏകദേശം 100 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ജലധാര 25,000 പേർക്ക് ഒരേസമയം കാണാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗുപ്തർ ഘട്ടിന് സമീപം താമരപ്പൂവിന്റെ ആകൃതിയിലായിരിക്കും ജലധാര നിർമിക്കുക. അതിൽ നിന്ന് ഒഴുകുന്ന വെള്ളം ഏകദേശം 50 മീറ്റര്‍ ഉയരത്തിലെത്തുന്ന രീതിയിലായിരിക്കും നിർമിക്കുക.

പദ്ധതിക്കായി അയോധ്യ ഭരണകൂടം ഭൂമി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിന്റെ ലേല നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഹൈന്ദവമതത്തിലെ ഏഴ് പുണ്യനദികളോടുള്ള ആദരസൂചകമായാണ് ഏഴു ദളങ്ങള്‍ ഉള്‍പ്പെടുന്ന താമര ആകൃതിയില്‍ ജലധാര രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഏഴ് ദളങ്ങൾ വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമനോടുള്ള ആദരവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ ജലധാര ലോകമെമ്പാടുമുള്ള ഭക്തരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുമെന്ന് അയോധ്യയിലെ ജില്ലാ മജിസ്ട്രേറ്റ് നീതീഷ് കുമാർ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അയോധ്യ രാമ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും നിർമാണം എന്ന് തുടങ്ങുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഈ പദ്ധതി പൂർത്തിയാകൂവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Similar Posts