India
Lower caste groom, rides horse, upper caste, pelt stones, Gujarat, Arrest
India

കീഴ്ജാതിക്കാരനായ വരൻ കുതിരപ്പുറത്തെത്തി; അധിക്ഷേപിച്ചും കല്ലെറിഞ്ഞും മേൽജാതിക്കാർ; ​ഗുജറാത്തിൽ 11 പേർ അറസ്റ്റിൽ

Web Desk
|
2 Feb 2023 9:21 AM GMT

ക്ഷത്രിയ ജാതിക്കാർക്ക് മാത്രമേ കുതിരയെ ഓടിക്കാൻ കഴിയൂ എന്നായിരുന്നു ഇവരുടെ വാദം.

വഡോദര: വിവാഹ വേദിയിലേക്ക് കുതിരപ്പുറത്തെത്തിയ കീഴ്ജാതിക്കാരനായ വരനും കുടുംബക്കാർക്കും നേരെ മേൽജാതിക്കാരുടെ കല്ലേറ്. ​ഗുജറാത്തിലെ പഞ്ച്മഹൽ‍ ജില്ലയിലെ ഷെഹ്റ താലൂക്കിലെ തർസങ് ​ഗ്രാമത്തിലാണ് സംഭവം. ഒ.ബി.സി വിഭാ​ഗത്തിൽപ്പെട്ട വരനും കുടുംബത്തിനും നേരെയാണ് വിവാഹ ചടങ്ങിന്റെ ഭാ​ഗമായ ഘോഷയാത്രയ്ക്കിടെ കല്ലേറുണ്ടായത്.

സംഭവത്തിൽ വൻ പ്രതിഷേധമുയർന്നതിനു പിന്നാലെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയായിരുന്നു വിവാഹ ചടങ്ങും ഘോഷയാത്രയും. ഘോഷയാത്രയുടെ മുന്നിൽ‍ കുതിരപ്പുറത്തേറി വരൻ വരുന്നത് കണ്ട സവർണ ജാതിക്കാർ‍ അസഭ്യം വർഷം നടത്തുകയും കല്ലുകളെടുത്ത് എറിയുകയുമായിരുന്നു.

ഡി.ജെയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ വരൻ കുതിരപ്പുറത്ത് എത്തിയത് 11 പേരടങ്ങുന്ന സംഘം തടയുകയായിരുന്നു. ക്ഷത്രിയ ജാതിക്കാർക്ക് മാത്രമേ കുതിരയെ ഓടിക്കാൻ കഴിയൂ എന്നായിരുന്നു ഇവരുടെ വാദം. തുടർന്ന് വരനെ കുതിരപ്പുറത്ത് നിന്ന് വലിച്ചിറക്കുകയും ജാതിയധിക്ഷേപം നടത്തുകയും ഇദ്ദേഹത്തിനും കൂടെയുള്ളവർക്കും നേരെ കല്ലെറിയുകയുമായിരുന്നു.

തുടർന്ന് വരനൊപ്പമുണ്ടായിരുന്നവരുമായി വഴക്കുണ്ടാക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ഡി.ജെ സിസ്റ്റം തകർക്കുകയും ചെയ്തു. സംഭവത്തിൽ വരന്റെ പിതാവ് ഷെഹ്റ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 10 പുരുഷന്മാർ‍ക്കും ഒരു സ്ത്രീക്കുമെതിരെയാണ് പരാതിയെന്നും ഇവർക്കെതിരെ കേസെടുത്തെന്നും അറസ്റ്റ് ചെയ്തെന്നും ഷെഹ്റ പൊലീസ് ഇൻസ്പെക്ടർ ആർ.കെ രജ്പുത് പറഞ്ഞു.

Similar Posts