മൂന്നു വർഷത്തിനിടെ പാചകവാതകവില വർധിപ്പിച്ചത് 32 തവണ
|മൂന്നു വർഷത്തിനിടെ സിലിണ്ടറിന് 350 രൂപയോളമാണ് വർധിപ്പിച്ചത്. അതേസമയം, നിർത്തലാക്കിയ പാചകവാതക സബ്‌സിഡി പുനസ്ഥാപിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി കേന്ദ്രം നൽകിയില്ല.
ന്യൂഡൽഹി: രാജ്യത്ത് മൂന്നു വർഷത്തിനിടെ 32 തവണ പാചകവാതക വില വർധിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ. ലോക്‌സഭയിൽ അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് പെട്രോളിയം സഹമന്ത്രി രാമേശ്വർ തേലി ലോക്‌സഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു വർഷത്തിനിടെ സിലിണ്ടറിന് 350 രൂപയോളമാണ് വർധിപ്പിച്ചത്.
അതേസമയം, നിർത്തലാക്കിയ പാചകവാതക സബ്‌സിഡി പുനസ്ഥാപിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി കേന്ദ്രം നൽകിയില്ല. 2017-18ൽ 23,464 കോടിയും, 2018-19ൽ 37,209 കോടിയും 2019-20ൽ 24,172 കോടിയും 2020-21ൽ 11,896 കോടി രൂപയും കേന്ദ്രസർക്കാർ പാചകവാതക സബ്‌സിഡിയായി നൽകിയപ്പോൾ 2021-22ൽ ഇത് 242 കോടി രൂപ മാത്രമായി കുറഞ്ഞുവെന്ന് കേന്ദം നൽകിയ മറുപടിയിൽ പറയുന്നു.
ജൂലൈ ഏഴിനാണ് അവസാനം എൽപിജി വില വർധിപ്പിച്ചത്. സിലിണ്ടറിന് 50 രൂപയാണ് അന്ന് വർധിപ്പിച്ചത്. കൊച്ചിയിൽ 14.2 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന് 1060.50 രൂപയായി വർധിച്ചു. ഡൽഹിയിൽ വില 1053 രൂപയാണ്. മുംബൈയിൽ ഇത് 1052 രൂപയാണ്. ആഗോളതലത്തിൽ ഊർജാവശ്യത്തിന് ഉപയോഗിക്കുന്ന ഇന്ധനങ്ങളുടെ വില വർധനവാണ് ഇപ്പോൾ വില കൂട്ടാൻ കാരണമായതെന്നാണ് എണ്ണക്കമ്പനികൾ നൽകുന്ന വിശദീകരണം.