India
8.49 കോടി രൂപ കവർന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍; തീർത്ഥാടന കേന്ദ്രത്തിലെത്തിയ  ദമ്പതികളെ കുടുക്കിയത് 10 രൂപയുടെ പാനീയം
India

8.49 കോടി രൂപ കവർന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍; തീർത്ഥാടന കേന്ദ്രത്തിലെത്തിയ ദമ്പതികളെ കുടുക്കിയത് 10 രൂപയുടെ പാനീയം

Web Desk
|
19 Jun 2023 5:36 AM GMT

കവർച്ച വിജയകരമാക്കിയതിന് നന്ദിയറിയിക്കാനായിരുന്നു ദമ്പതികളായ ഇവര്‍ ആരാധനാലയത്തിലെത്തിയത്

ചണ്ഡീഗഡ്: ലുധിയാനയിൽ 8.49 ലക്ഷം രൂപ കവർന്ന കേസിലെ പ്രതികളായ ദമ്പതികൾ ഉത്തരാഖണ്ഡിൽ അറസ്റ്റിലായി. കവർച്ച വിജയകരമാക്കിയതിന് നന്ദിയറിയിക്കാനായി ഉത്തരാഖണ്ഡിലെ ഒരു തീർത്ഥാടന കേന്ദ്രത്തിലേക്ക് പോകുന്നതിനിടെയാണ് പിടികിട്ടാപ്പുള്ളികളായ മൻദീപ് കൗർ,ഭർത്താവ് ജസ്വീന്ദർ സിംഗ് എന്നിവരെ പിടികൂടിയതെന്ന് പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ഉത്തരാഖണ്ഡിലെ ചമോലിയിലെ ഹേംകുണ്ഡ് സാഹിബിൽ നിന്നാണ് അറസ്റ്റിലായത്. ഇരുവരും നേപ്പാൾ വഴി വിദേശത്തേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. അതിന് മുമ്പായി കേദാർനാഥും ഹരിദ്വാറും ഹേംകുണ്ഡ് സാഹിബും സന്ദർശിക്കാൻ ദമ്പതികൾക്ക് പദ്ധതിയുണ്ടായിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചു. എന്നാൽ ഭക്തജനങ്ങൾക്കിടയിൽ നിന്ന് ഇവരെ തിരിച്ചറിയുക പ്രയാസമായിരുന്നു. പ്രതികളെ കണ്ടെത്തായി പൊലീസ് തീർഥാടകർക്കായി സൗജന്യമായി പാനീയം നൽകുന്ന പദ്ധതി തുടങ്ങി. പൊലീസിന്റെ കണക്ക് കൂട്ടൽ തെറ്റിയില്ല..! പ്രതികൾ ഇരുവരും സൗജന്യ പാനീയം നൽകുന്ന സ്ഥലത്തെത്തി. മുഖം മറച്ചാണ് ഇരുവരും എത്തിത്.എന്നാല്‍ കുടിക്കാനായി മുഖാവരണം മാറ്റിയതോടെ ഇവരെ പൊലീസ് തിരിച്ചറിഞ്ഞു. എന്നാൽ അവരെ തിരിച്ചറിഞ്ഞ ഭാവം പൊലീസ് നടിച്ചില്ല. ഹേംകുണ്ഡ് സാഹിബിൽ പ്രാർഥന നടത്തി തിരിച്ചുവരുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു.

ലുധിയാനയിലെ ന്യൂ രാജ്ഗുരു നഗർ പ്രദേശത്തെ ക്യാഷ് മാനേജ്മെന്റ് സർവീസ് കമ്പനിയായ സിഎംഎസ് സെക്യൂരിറ്റീസിന്റെ ഓഫീസിൽ നിന്ന് സെക്യൂരിറ്റി ഗാർഡുകളെ കീഴടക്കി ആയുധധാരികളായ കവർച്ചക്കാർ എട്ടു കോടി രൂപയിലധികം പണവുമായി തട്ടിയെടുക്കുകയായിരുന്നു.

പിടിയിലായ മൻദീപ് കൗർ,ഭർത്താവ് ജസ്വീന്ദർ സിംഗ് എന്നിവരില്‍ നിന്ന് 21 ലക്ഷം രൂപയും കണ്ടെടുത്തതായി പൊലീസ് കമ്മീഷണർ മൻദീപ് സിംഗ് സിദ്ദു പറഞ്ഞു. ഇവരുടെ കൂട്ടാളിഗൗരവ് എന്ന ഗുൽഷനെയും ഗിദ്ദർബാഹയിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേസിൽ മൊത്തം ഒമ്പത് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കേസിൽ ഇതുവരെ 5.96 കോടി രൂപ കണ്ടെടുത്തതായി പൊലീസ് കമ്മീഷണർ അറിയിച്ചു.


Similar Posts