റെക്കോഡ് തുകയ്ക്ക് അഹമ്മദാബാദിൽ ഭൂമി വാങ്ങി ലുലു ഗ്രൂപ്പ്; വരുന്നത് കൂറ്റൻ ഷോപ്പിങ് മാൾ
|അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഓണ്‍ലൈന്‍ ലേലത്തുകയ്ക്കാണ് ലുലു ഭൂമി സ്വന്തമാക്കിയത്
അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മാളിന് ഗുജറാത്തിലെ അഹമ്മദാബാദിൽ സ്ഥലം കണ്ടെത്തി ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ. ചന്ദ്‌ഖേഡയ്ക്കും മൊട്ടേരയ്ക്കും ഇടയിലുള്ള അഞ്ചു പ്ലോട്ടുകളാണ് ലുലു ഗ്രൂപ്പ് 519.41 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഓൺലൈൻ ലേലത്തുകയ്ക്കാണ് ലുലു ഭൂമി വാങ്ങിയത്. 502.87 കോടി രൂപയായിരുന്നു സ്ഥലത്തിന്റെ റിസർവ് തുക. രണ്ട് കമ്പനികൾ കൂടി ലേലത്തിനുണ്ടായിരുന്നെങ്കിലും ഏറ്റവും ഉയർന്ന തുകയ്ക്ക് ലുലു ഭൂമി ഏറ്റെടുത്തു. ചതുരശ്ര മീറ്ററിന് 78000 രൂപയാണ് ഗ്രൂപ്പ് വാഗ്ദാനം ചെയ്തത്.
നഗരത്തിൽ തങ്ങളുടെ ഉടമസ്ഥതയിലുള്ള 22 സ്ഥലങ്ങൾ (14 വാണിജ്യ പ്ലോട്ടുകളും എട്ട് റസിഡൻഷ്യൽ പ്ലോട്ടുകളും) വിൽപ്പനയ്ക്ക് വയ്ക്കാനാണ് കോർപറേഷൻ തീരുമാനിച്ചിരുന്നത്. ഇതുവഴി 2250 കോടി രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ നടപടികൾ മെല്ലെയായി. പ്ലോട്ടുകൾ അഞ്ചാക്കി ചുരുക്കുകയും ചെയ്തു. 99 വർഷത്തേക്ക് പാട്ടത്തിന് നൽകാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് വിൽക്കാൻ ധാരണയായി. ഇതോടെ പാട്ടത്തിന് മുകളിൽ ചുമത്തുന്ന 18 ശതമാനം ജിഎസ്ടി ലുലുവിന് ഒഴിവായി.
66,168 ചതുരശ്ര മീറ്റർ സ്ഥലമാണ് ലുലു വാങ്ങിയതെന്ന് ഗുജറാത്ത് മാധ്യമമായ ദേശ്ഗുജറാത്ത് റിപ്പോട്ടു ചെയ്യുന്നു. ആറായിരം പേർക്ക് പ്രത്യക്ഷമായും 12000 പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്ന മുവ്വായിരം കോടി രൂപയുടെ നിക്ഷേപമാണ് ലുലു പ്രദേശത്ത് വിഭാവനം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.