ആഡംബര കാറിനു പോകാന്‍ വഴിയില്ല; വധുവിനെ വിവാഹ വേദിയില്‍ ഉപേക്ഷിച്ച് വരന് സ്ത്രീധനവുമായി മടങ്ങി
|ഗുജറാത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം
അഹമ്മദാബാദ്: വധുവിന്റെ വീട്ടിലേക്കുള്ള റോഡ് മോശമാണെന്നും തന്റെ ആഡംബര കാറിന് വഴിയില്ലെന്നും ചൂണ്ടിക്കാണിച്ച് വിവാഹത്തിന് പിന്നാലെ വധുവിനെ ഉപേക്ഷിച്ച് വരനും സംഘവും മടങ്ങി. ഗുജറാത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ആനന്ദിന് സമീപത്തെ നപാഡ് വാന്തോ ഗ്രാമത്തിലാണ് റോഡ് മോശമാണെന്ന് പറഞ്ഞ് യുവാവ് വധുവിനെ വീട്ടിലേക്ക് കൊണ്ടുപോകാതെ മടങ്ങിയത്. തന്റെ സെഡാന് കാര്‍ ഈ റോഡിലൂടെ പോകില്ലെന്ന് പറഞ്ഞായിരുന്നു വധുവിനെ ഉപേക്ഷിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വധുവിനെ കൂടെക്കൂട്ടിയില്ലെങ്കിലും പെണ്‍വീട്ടുകാര്‍ നല്കിയ സ്ത്രീധനം മുഴുവന്‍ വരനും സംഘവും കൊണ്ട് പോയിരുന്നു.
ഇതോടെ വീട്ടുകാര്‍ പ്രദേശത്തെ എന്‍ജിഒയുടെ സഹായം തേടുകയായിരുന്നു. വല്ലഭ് വിദ്യാനഗര്‍ സ്വദേശിയുമായ യുവാവുമായിട്ടായിരുന്നു നപാഡിലെ യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നതെന്ന് ജയ് ഭാരതി ഫൗണ്ടേഷന് പ്രസിഡന്റ് ഹസ്ന രാജ് പറഞ്ഞു. ആഡംബര കാറിലെത്തിയ യുവാവ് റോഡിനെച്ചൊല്ലി വധുവിന്റെ വീട്ടുകാരുമായി തര്‍ക്കിക്കുകയായിരുന്നു. വരന്റെ വീട്ടുകാര്‍ വിവാഹവേദിയിലെത്തിയപ്പോള്‍ മുതല്‍ പ്രശ്നമായിരുന്നു. ഒടുവില്‍ വരനെ അനുനയിപ്പിച്ച് ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചെങ്കിലും വീണ്ടും റോഡിനെച്ചൊല്ലി തര്‍ക്കം തുടങ്ങി. തന്റെ കാറിന് ഇത്തരം റോഡിലൂടെ വരാന്‍ കഴിയില്ലെന്ന് പറഞ്ഞ് ബഹളം വെച്ച വരന് വധുവിനെ കൂട്ടാതെയാണ് ഒടുവില്‍ മടങ്ങിയത്.
വരനെ അനുനയിപ്പിക്കാന്‍ വധുവിന്റെ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പേ യുവതിയുടെ അച്ഛന് മരിച്ചതിനാല്‍ ഇളയ സഹോദരനായിരുന്നു വിവാഹം നടത്തിയത്. തങ്ങള്‍ പൊലീസിന് പരാതി നല്‍കിയെന്നും എന്‍ജിഒ ഭാരവാഹികള്‍ അറിയിച്ചു. സംഭവത്തില്‍ വരനെയും കുടുംബത്തെയും കാര്യങ്ങള്‍ പറഞ്ഞ് അനുനയിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.