എം.കെ സ്റ്റാലിന് എതിരില്ലാതെ രണ്ടാം തവണയും ഡി.എം.കെ അധ്യക്ഷന്‍
|ജനറൽ കൗൺസിൽ യോഗത്തിനെത്തിയ എം.കെ സ്റ്റാലിന് പാർട്ടി പ്രവർത്തകർ ഉജ്വല സ്വീകരണം നൽകി.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് എതിരില്ലാതെ രണ്ടാം തവണയും ഡി.എം.കെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച ചെന്നൈയിൽ നടന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. പുതുതായി രൂപീകരിച്ച ജനറൽ കൗൺസിലിലാണ് എം.കെ സ്റ്റാലിനെ രണ്ടാം തവണയും ഡി.എം.കെ അധ്യക്ഷനായി പ്രഖ്യാപിച്ചത്.
ദുരൈമുരുകനെ ജനറല്‍ സെക്രട്ടറിയായും ടി ആർ ബാലുവിനെ ട്രഷററായും തെരഞ്ഞെടുത്തു. ഇരുവരും രണ്ടാം തവണയാണ് ഇതേ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജനറൽ കൗൺസിൽ യോഗത്തിനെത്തിയ എം.കെ സ്റ്റാലിന് പാർട്ടി പ്രവർത്തകർ ഉജ്വല സ്വീകരണം നൽകി. ഡി.എം.കെയുടെ പതിനഞ്ചാമത് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി, സംസ്ഥാനത്തുടനീളമുള്ള വിവിധ തലങ്ങളിലുള്ള പാർട്ടി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു.
ഡി.എം.കെ കുലപതി എം കരുണാനിധിയുടെ ഇളയ മകനാണ് 69കാരനായ എം.കെ സ്റ്റാലിന്. ഡി.എം.കെ ട്രഷറർ, ഡി.എം.കെയുടെ യുവജന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2018ൽ കരുണാനിധിയുടെ വിയോഗത്തെ തുടർന്നാണ് സ്റ്റാലിൻ പാർട്ടി അധ്യക്ഷനായി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടത്.
1949ലാണ് ഡി.എം.കെ രൂപീകരിച്ചത്. പാര്‍ട്ടി സ്ഥാപകനായ സി.എന്‍ അണ്ണാദുരൈ, പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. 1969ലാണ് ഡി.എം.കെയില്‍ പ്രസിഡന്റ് പദവി സൃഷ്ടിക്കപ്പെട്ടത്. കരുണാനിധിയായിരുന്നു. ഡി.എം.കെയുടെ രണ്ടാമത്തെ പ്രസിഡന്റാണ് എം.കെ സ്റ്റാലിന്.
Summary- DMK stalwart and Tamil Nadu Chief Minister M K Stalin was unanimously elected as party president at the party's general council meeting held in Chennai on Sunday.