ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എം.എസ് സ്വാമിനാഥൻ അന്തരിച്ചു
|രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്
ചെന്നെെ: ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എം.എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലിരിക്കെയാണ് അന്ത്യം. രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ബോർലോഗ് അവാർഡ്, പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, റമൺ മാഗ്‌സസെ അവാർഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. 1966 ൽ മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ കാലാവസ്ഥക്ക് അനുയോജ്യമാക്കി മാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂറു മേനി കൊയ്തു. ഇത് സ്വാമിനാഥനെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവാക്കി.
സ്വാമിനാഥന്‍റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്. 1952 ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ജനിതകശാസ്ത്രത്തിൽ പി.എച്ച് ഡി നേടി. ഡോ.മങ്കൊമ്പ് കെ.സാംബശിവന്‍റെയും തങ്കത്തിന്‍റെയും മകനായി തമിഴ്‌നാട്ടിലെ കുംഭകോണത്ത് 1925 ആഗസ്ത് 7ന്ാണ് ജനനം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്‍റെ തറവാട്.
കുംഭകോണത്തുനിന്നും പത്താംക്ലാസ്സ് പഠനം പൂർത്തിയാക്കിയ സ്വാമിനാഥൻ 1940ൽ തിരുവനന്തപുരത്ത് മഹാരാജാസ് കോളജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളജ്) ജന്തുശാസ്ത്രത്തിൽ ബിരുദപഠനത്തിന് ചേർന്നു. കാർഷികപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ അദ്ദേഹം കൃഷി വരുമാനമാർഗ്ഗമാക്കണമെന്നതിലുപരി, അനേകായിരം കുടുംബങ്ങൾക്ക് വരുമാനം നൽകുന്നതരത്തിൽ ഒരു ശാസ്ത്രവും സങ്കേതവുമാക്കാനുള്ള ആഗ്രഹവുമായി കോയമ്പത്തൂർ കാർഷിക കോളജ്, ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ തുടർ പഠനം നടത്തി. മീന സ്വാമിനാഥനാണ് ഭാര്യ. നിത്യ, സൗമ്യ, മധുര എന്നിവര്‍ മക്കളാണ്. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ രാമചന്ദ്രന്‍ മരുമകനാണ്.