എം.എ.യൂസഫലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
|ഇന്ത്യൻ ഭക്ഷ്യ മേഖലയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്
രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷാവിഷയത്തിലും ഇന്ത്യയിലെ ഭക്ഷ്യോൽപ്പന്നങ്ങളുടെ ആഗോള വ്യാപന പ്രക്രിയയിലും ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവർത്തനങ്ങള്‍ പ്രശംസനീയാര്‍ഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസുഫലിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യമറിയിച്ചത്. ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകള്‍ നേർന്നു.
ഇന്ത്യയിൽ ലുലു ഗ്രൂപ്പിന്റെ ഭാവി പദ്ധതികളെ പറ്റി യൂസുഫലി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. ഉത്തർപ്രദേശിൽ ലക്നൗവിലും കേരളത്തിൽ തിരുവനന്തപുരത്തും ലുലു ഷോപ്പിംഗ് മാളുകള്‍ ഈ വർഷാവസാനത്തോടെ പ്രവർത്തന സജ്ജമാകുമെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.
കോവിഡ് വാണിജ്യ വ്യവസായ ലോകത്ത് സൃഷ്ടിച്ച പ്രതിസന്ധികളെ മറികടക്കാൻ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വിവിധ ഉത്തേജക പരിപാടികൾ പുത്തനുണർവ്വാണ് രാജ്യത്ത് സൃഷ്ടിച്ചത് എന്നും പ്രവാസികളായ നിരവധി നിക്ഷേപകർ രാജ്യത്ത് കൂടുതൽ മുതൽമുടക്കാൻ ഇപ്പോൾ തയ്യാറാകുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യ സംസ്കരണ രംഗത്ത് ലുലു വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും യൂസുഫലി അറിയിച്ചു. കശ്മീർ ഉൽപ്പന്നങ്ങൾക്ക് ഗൾഫ് നാടുകളില്‍ ആവശ്യക്കാര്‍ ഏറെയുണ്ടെന്ന് പറഞ്ഞ യൂസുഫലി ഗുജറാത്തിൽ പുതിയ ഭക്ഷ്യ സംസ്കരണ കേന്ദ്രം, ഹൈപ്പർമാർക്കറ്റ് എന്നിവ ആരംഭിക്കുന്നതിനുള്ള ആലോചനകളും പ്രധാനമന്ത്രിയുമായി പങ്ക് വച്ചു. പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലുള്ള ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.