India
MA Yusufali Top 10 List of Richest Non-resident Indians
India

ഏറ്റവും ധനികരായ പ്രവാസി ഇന്ത്യക്കാരുടെ പട്ടിക; എം.എ യൂസുഫലി ആദ്യ പത്തിൽ

Web Desk
|
30 Aug 2024 12:27 PM GMT

മലയാളികളിൽ ഒന്നാം സ്ഥാനത്താണ് യൂസുഫലി

ന്യൂഡൽഹി: ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം 2024ലെ ഏറ്റവും സമ്പന്നരായ പ്രവാസി ഇന്ത്യക്കാരുടെ പട്ടികയിൽ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ചെയർമാനുമായ എം.എ യൂസുഫലി ആദ്യ പത്തിൽ. 55,000 കോടി സമ്പാദ്യവുമായി എട്ടാം സ്ഥാനത്താണ് അദ്ദേഹം. അതേസമയം, മലയാളികളിൽ ഒന്നാം സ്ഥാനത്താണ് യൂസുഫലി. ഹുറുൺ ഇന്ത്യയുടെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 40ാം സ്ഥാനത്തുമാണ്. ലോകമെമ്പാടും ലുലു ഗ്രൂപ്പിന് ഹൈപ്പർമാർക്കറ്റ് ശൃംഖലകളും ഷോപ്പിംഗ് മാളുകളുമുണ്ട്. ഗോപിചന്ദ് ഹിന്ദുജയും കുടുംബവുമാണ് പ്രവാസി ഇന്ത്യക്കാരിൽ ഏറ്റവും ധനികർ. പട്ടിക പ്രകാരം പ്രവാസി ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം യുണൈറ്റഡ് സ്റ്റേറ്റ്‌സും തൊട്ടുപിന്നിൽ യുഎഇയും യുകെയുമാണ്. ഈ വർഷത്തെ ലിസ്റ്റിൽ 102 പ്രവാസി ഇന്ത്യക്കാരാണുള്ളത്.

ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസാണ് മലയാളി സമ്പന്നരിൽ രണ്ടാം സ്ഥാനത്ത്. 42,000 കോടി രൂപയാണ് ആസ്തി. പട്ടികയിൽ 55ാം സ്ഥാനമാണുള്ളത്. ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്ണൻ (ക്രിസ് ഗോപാലകൃഷ്ണനാണ് മലയാളി സമ്പന്നരിൽ മൂന്നാമത്. പട്ടികയിൽ 62ാം സ്ഥാനത്തുള്ള ഇദ്ദേഹത്തിന് 38,500 കോടി രൂപയാണ് സമ്പാദ്യം. കല്യാൺ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടിഎസ് കല്യാണരാമനും കുടുംബവും മലയാളി സമ്പന്നരിൽ നാലാമതാണ്. പട്ടികയിൽ 65ാം സ്ഥാനത്തുള്ള ഇവർക്ക് 37,500 കോടി ആസ്തിയുണ്ട്. ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെംസ് എഡ്യുക്കേഷന്റെ സണ്ണി വർക്കി 85ാം സ്ഥാനത്തും ബുർജീൽ ഹോൾഡിങ്‌സ് മേധാവിയും എം.എ യൂസുഫലിയുടെ മരുമകനുമായ ഡോ. ഷംസീർ വയലിൽ 88ാം സ്ഥാനത്തുമുണ്ട്. സണ്ണി വർക്കിക്ക് 31,500 കോടിയും ഡോ. ഷംസീറിന് 31,300 കോടിയും ആസ്തിയുണ്ട്. ഹുറൂൺ സമ്പന്ന പട്ടികയിൽ കേരളത്തിൽ നിന്ന് 19 പേരാണുള്ളത്.

ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിലെ 2024ലെ ഏറ്റവും സമ്പന്നരായ 10 പ്രവാസി ഇന്ത്യക്കാർ

  1. ഗോപിചന്ദ് ഹിന്ദുജയും കുടുംബവും: ഹിന്ദുജ ഗ്രൂപ്പിലെ ഗോപിചന്ദ് ഹിന്ദുജയ്ക്കും കുടുംബത്തിനും 1.92 ലക്ഷം കോടിയിലധികം ആസ്തിയുണ്ട്, 2024-ലെ സമ്പന്നരുടെ പട്ടികയിൽ ഒന്നാമതാണ് ലണ്ടനിൽ താമസിക്കുന്ന കുടുംബം.
  2. എൽഎൻ മിത്തലും കുടുംബവും: 1.6 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള എൽഎൻ മിത്തലും കുടുംബവും യുകെയിലാണ് താമസിക്കുന്നത. പട്ടികയിൽ രണ്ടാമതാണ് ഇവർ. ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ നിർമാണ കമ്പനികളിലൊന്നായ ആർസെലർ മിത്തലിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനാണ് എൽഎൻ മിത്തൽ.
  3. അനിൽ അഗർവാളും കുടുംബവും: 1.11 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള അനിൽ അഗർവാളും കുടുംബവും യുകെയിലാണ് താമസം. വേദാന്ത റിസോഴ്സ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയർമാനുമാണ് അനിൽ അഗർവാൾ.
  4. ഷാപൂർ പല്ലോൻജി മിസ്ത്രി: 157 വർഷം പഴക്കമുള്ള എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ ഭീമൻ ഷാപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ നിയന്ത്രണം 60 കാരനായ ഷാപൂർ പല്ലോൻജി മിസ്ത്രിയുടെ കയ്യിലാണ്. മൊത്തം 91,400 കോടി രൂപയുടെ ആസ്തിയുള്ള അദ്ദേഹം പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ മൊണാക്കോയിലാണ് താമസിക്കുന്നത്.
  5. ജയ് ചൗധരി: ക്ലൗഡ് സെക്യൂരിറ്റി കമ്പനിയായ Zscaler-ന്റെ സിഇഒയും സ്ഥാപകനുമാണ് ഇന്ത്യൻ-അമേരിക്കൻ ടെക് സംരംഭകനായ ജയ് ചൗധരി. 88,600 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആകെ സമ്പത്ത്. കാലിഫോർണിയയിലെ സാൻ ജോസ് നഗരത്തിലാണ് അദ്ദേഹം താമസിക്കുന്നത്.
  6. ശ്രീ പ്രകാശ് ലോഹ്യ: പെട്രോകെമിക്കൽ ആൻഡ് ടെക്‌സ്‌റ്റൈൽ കമ്പനിയായ ഇൻഡോരമ കോർപ്പറേഷന്റെ സ്ഥാപകനും ചെയർമാനുമായ ശ്രീ പ്രകാശ് ലോഹ്യക്ക് 73,100 കോടി രൂപയുടെ ആസ്തിയുണ്ട്. ലണ്ടനിലാണ് താമസം.
  7. വിവേക് ചാന്ദ് സെഹ്ഗലും കുടുംബവും: വിവേക് ചന്ദ് സെഹ്ഗലിന് 62,600 കോടി രൂപയുടെ സമ്പത്തുണ്ട്. സംവർദ്ധന മദർസൺ ഇന്റർനാഷണലിന്റെ സ്ഥാപകനും ഓട്ടോ പാർട്സ് നിർമ്മാതാവുമാണ്. ദുബൈയിൽ താമസിക്കുന്നു.
  8. എംഎ യൂസുഫലി: അബൂദബിയിൽ താമസിക്കുന്ന ലുലു ഗ്രൂപ്പിന്റെ ചെയർമാന്റെ സമ്പത്ത് 55,000 കോടി രൂപയാണ്.
  9. രാകേഷ് ഗാങ്വാളും കുടുംബവും: ഇൻഡിഗോ എയർലൈനിന്റെ സഹസ്ഥാപകനായ രാകേഷ് ഗാങ്വാളിന് 37,400 കോടി രൂപയാണ് സമ്പാദ്യം. മിയാമിയിൽ താമസിക്കുന്നു.
  10. റൊമേഷ് ടി വാധ്‌വാനി: സാങ്കേതിക സേവനങ്ങൾക്കായുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിംഫണി ടെക്‌നോളജി ഗ്രൂപ്പിന്റെ മുൻ ചെയർമാനും സിഇഒയുമാണ് രൊമേഷ് ടി വാധ്‌വാനി. 36,900 കോടി രൂപയുടെ ആസ്തിയുള്ള അദ്ദേഹം കാലിഫോർണിയയിലെ പാലോ ആൾട്ടോയിലാണ് താമസം.


Similar Posts