ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി സുപ്രിംകോടതിയില്‍; ഹരജി വെള്ളിയാഴ്ച പരിഗണിക്കും
|പ്രായമായ പിതാവിനെ കാണുന്നതോടൊപ്പം ആയുർവേദ ചികിത്സയടക്കം ചെയ്യേണ്ടതിനാൽ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം
ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടുള്ള പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയുടെ ഹരജി സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുന്നിൽ ഹരജി പരാമർശിച്ചിട്ടുണ്ട്. കടുത്ത ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടാണ് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ഹാരിസ് ബീരാൻ കോടതിയെ സമീപിച്ചത്. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് മുമ്പാകെയാണ് അദ്ദേഹം ഹരജി സമർപ്പിച്ചത്.
ഇനി വിചാരണയാണ് നടക്കാനുള്ളതെന്നും അതിനാൽ തന്നെ തന്റെ സാന്നിധ്യം കർണാടകയിൽ വേണ്ടെന്നും കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. ആയുർവേദ ചികിത്സയടക്കം ചെയ്യേണ്ടതിനാൽ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം. മാത്രമല്ല തന്റെ പിതാവിന്റെ ആരോഗ്യം ക്ഷയിച്ചിരിക്കുകയാണ്. അതിനാൽ അദ്ദേഹത്തെ സന്ദർശിക്കണമെന്നും വിചാരണ നടപടികൾ ആരംഭിക്കുന്നതുവരെ കേരളത്തിൽ തുടരാൻ അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.