'തെറ്റുപറ്റി, ഞാൻ രാഹുലിന്റെ പ്രവർത്തകൻ'; എഎപിയിലേക്ക് പോയി മണിക്കൂറുകൾക്കുള്ളിൽ തിരികെയെത്തി കോൺഗ്രസ് നേതാവ്
|എഎപിയിലേക്ക് പോയതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരിൽ നിന്നടക്കം അധിക്ഷേപം നേരിട്ടതിന് ശേഷമാണ് മഹ്ദിയുടെ തിരിച്ചുവരവ്
ന്യൂഡൽഹി: കൂറുമാറി ആം ആദ്മിയിൽ ചേർന്ന് മണിക്കൂറുകൾ പിന്നിടുന്നതിന് മുൻപ് തന്നെ കോൺഗ്രസിലേക്ക് തിരികെയെത്തി ഡൽഹി കോൺഗ്രസ് വൈസ് പ്രസിഡന്റ് അലി മെഹ്ദി. ഇന്ന് പുലർച്ചെ രണ്ടുമണിക്ക് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ ക്ഷമാപണം നടത്തിക്കൊണ്ടായിരുന്നു മഹ്ദിയുടെ തിരിച്ചുവരവ്.
'ഞാൻ ഒരു വലിയ തെറ്റുചെയ്തു. എന്റെ അച്ഛൻ 40 വർഷമായി കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നു. ഞാൻ രാഹുൽ ഗാന്ധിയുടെ പ്രവർത്തകനാണ് അങ്ങനെ തന്നെ തുടരുകയും ചെയ്യും'; കൈകൂപ്പിക്കൊണ്ട് മെഹ്ദി പറഞ്ഞു. തന്റെയൊപ്പം ആം ആദ്മിയിൽ ചേർന്ന ബ്രിജ്പുരിയിൽ നിന്നുള്ള കൗൺസിലർ നാസിയ ഖാട്ടൂൻ, മുസ്തഫാബാദിൽ നിന്നുള്ള കൗൺസിലർ സബീലാ ബീഗം, 300 വോട്ടിന് തോറ്റ ബ്ലോക്ക് പ്രസിഡന്റ് അലീം അൻസാരി എന്നിവരും കോൺഗ്രസിലേക്ക് തിരികെയെത്തിയതായി മഹ്ദി പറഞ്ഞു.
എഎപിയിലേക്ക് പോയതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരിൽ നിന്നടക്കം അധിക്ഷേപം നേരിട്ടതിന് ശേഷമാണ് മഹ്ദിയുടെ തിരിച്ചുവരവ്. 'പാമ്പ്' എന്നായിരുന്നു ഇന്ത്യൻ യൂത്ത് കോൺഗ്രസ് മഹ്ദിയെ വിമർശിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. പാർട്ടി വിടാൻ എത്ര പണം ലഭിച്ചുവെന്നും യൂത്ത് കോൺഗ്രസ് ചോദിച്ചിരുന്നു.
അതേസമയം, ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലേക്ക് (എംസിഡി) നടന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എഎപി) വൻ ഭൂരിപക്ഷത്തോടെയാണ് ഭരണം നേടിയത്. 134 സീറ്റുകൾ നേടിയാണ് എഎപി വിജയം ഉറപ്പിച്ചത്. ബിജെപി 104 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് ആകെ ഒൻപത് വാർഡുകൾ മാത്രമാണ് നേടാനായത്.