മധ്യപ്രദേശിൽ ഇറച്ചിയും മുട്ടയും തുറസായ സ്ഥലത്ത് വിൽക്കുന്നത് നിരോധിച്ചു
|മോഹൻ യാദവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ പ്രഥമയോഗത്തിലാണ് തീരുമാനം.
ഭോപാൽ: മധ്യപ്രദേശിൽ ഇറച്ചിയും മുട്ടയും തുറസായ സ്ഥലത്ത് വിൽക്കുന്നത് നിരോധിച്ചു. മോഹൻ യാദവ് പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ പ്രഥമ കാബിനറ്റ് യോഗത്തിലാണ് തീരുമാനം. ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
പൊതുജനങ്ങളിൽ മതിയായ ബോധവൽക്കരണം കൊണ്ടുവന്നതിന് ശേഷം മാത്രമേ തീരുമാനം നടപ്പാക്കുകയുള്ളൂ എന്ന് മോഹൻ യാദവ് പറഞ്ഞു. ഡിസംബർ 15 മുതൽ 31 വരെ ബോധവൽക്കരണം നടത്തുമെന്നും ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പും പൊലീസും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ ആർ.എസ്.എസ് പശ്ചാത്തലമുള്ള നേതാവായ മോഹൻ യാദവ് ബുധനാഴ്ചയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ജഗദീഷ് ദേവ്ഡ, രാജേന്ദ്ര ശുക്ല എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ. ശ്രീരാമക്ഷേത്രത്തിലേക്കുള്ള പാതയിലൂടെ അയോധ്യയിലേക്ക് പോകുന്നവർക്ക് വരവേൽപ്പ് നൽകാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.