വെള്ളക്കരം അടച്ചില്ല; ഡയറി നടത്തിപ്പുകാരന്റെ പോത്തിനെ കണ്ടുകെട്ടി കോർപറേഷൻ
|കുടിശികയുള്ള ജലനികുതി അടയ്ക്കാൻ പലതവണ ഇയാളോട് ആവശ്യപ്പെട്ടെങ്കിലും മുന്നറിയിപ്പ് മുഖവിലയ്ക്കെടുത്തില്ല.
ഭോപ്പാൽ: വെള്ളക്കരം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഡയറി നടത്തിപ്പുകാരന്റെ പോത്തിനെ കണ്ടുകെട്ടി കോർപറേഷൻ അധികൃതർ. മധ്യപ്രദേശിലെ ഗ്വാളിയർ മുനിസിപ്പൽ കോർപറേഷന്റേതാണ് നടപടി. കരം അടയ്ക്കുന്നതിൽ സ്ഥിരമായി വീഴ്ച വരുത്തുന്നവരുടെ വസ്തുക്കൾ കണ്ടുകെട്ടുന്നതിന്റേയും ജലനികുതി കുടിശിക ഈടാക്കുന്നതിന്റേയും ഭാഗമായാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു.
കോർപറേഷനിലെ ദാലിയൻ വാല പ്രദേശത്തു താമസിക്കുന്ന ബാൽകിഷൻ പാലിന്റെ പോത്തിനെയാണ് അധികൃതർ പിടിച്ചെടുത്തത്. കുടിശികയുള്ള 1.39 ലക്ഷം രൂപ അടയ്ക്കാൻ വൈകുന്നതിൽ കോർപറേഷൻ പബ്ലിക് ഹെൽത്ത് എഞ്ചിനീയറിങ് (പി.എച്ച്.ഇ) വകുപ്പ് ഇയാൾക്ക് നോട്ടീസ് അയച്ചിരുന്നു.
കുടിശികയുള്ള ജലനികുതി അടയ്ക്കാൻ പലതവണ ബാൽകിഷനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം മുന്നറിയിപ്പ് മുഖവിലയ്ക്കെടുത്തില്ല. ഇതോടെ പി.എച്ച്.ഇ വകുപ്പ് നിശ്ചിത ദിവസങ്ങൾക്കുള്ളിൽ കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾക്ക് അന്തിമ നോട്ടീസും അയച്ചു.
എന്നാൽ നിശ്ചിത ദിവസങ്ങൾ കഴിഞ്ഞിട്ടും ബാൽകിഷൻ പണമടച്ചില്ല. ഇതോടെ പി.എച്ച്.ഇയിൽ നിന്നുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ഇയാളുടെ പോത്തിനെ കണ്ടുകെട്ടുകയുമായിരുന്നു.
"നോട്ടീസ് ലഭിച്ചിട്ടും ഒരാൾ കൃത്യസമയത്ത് നികുതി അടയ്ക്കുന്നതിൽ പരാജയപ്പെടുമ്പോൾ, ഞങ്ങൾ വസ്തു കണ്ടുകെട്ടൽ പ്രക്രിയ ആരംഭിക്കുന്നു. വീഴ്ച വരുത്തിയയാൾക്ക് അന്തിമ അറിയിപ്പ് നൽകുകയും പിന്നീട് അയാളുടെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടുകയുമാണ് ചെയ്യുക".
"ഇവിടെ കൃത്യസമയത്ത് ജലനികുതി അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ഒരു ഡയറി നടത്തിപ്പുകാരന്റെ പോത്തിനെ ഞങ്ങൾ പിടിച്ചെടുത്തു. മൊത്തം 1.39 ലക്ഷം രൂപയുടെ ജലനികുതി അദ്ദേഹത്തിന് കുടിശികയുണ്ട്"- ജി.എം.സി കമ്മീഷണർ കൂട്ടിച്ചേർത്തു.