ആർ.എസ്.എസ് നേതാക്കളുടെ പുസ്തകങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മധ്യപ്രദേശ് സർക്കാർ
|സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണിതെന്ന് കോൺഗ്രസ്
ഭോപ്പാൽ : ആർ.എസ്.എസ് നേതാക്കളെഴുതിയ പുസ്തകങ്ങൾ സംസ്ഥാനത്തെ കോളജുകളിലെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.
ആർ.എസ്.എസുമായി ബന്ധമുള്ള വ്യക്തികൾ രചിച്ച 88 പുസ്തകങ്ങൾ വാങ്ങാൻ സർക്കാർ,സ്വകാര്യ കോളേജ് അഡ്മിനിസ്ട്രേഷനുകൾക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് കത്തയച്ചു. ആർ.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗവുമായി ബന്ധമുള്ളവർ എഴുതിയ പുസ്തകങ്ങളാണ് വാങ്ങാൻ നിർദേശിച്ചിരിക്കുന്നത്.
വിവിധ ബിരുദ കോഴ്‌സുകളിൽ ഈ പുസ്‌തകങ്ങൾ ഉൾപ്പെടുത്തുന്നതിന് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഓരോ കോളേജിലും ഇന്ത്യൻ നോളജ് ട്രഡീഷൻ സെൽ രൂപീകരിക്കണമെന്നും കോളജ് അഡ്മിനിസ്ട്രേഷനുകൾക്ക് നിർദ്ദേശം നൽകി.
സർക്കാർ നടപടിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണിതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ആർ.എസ്.എസ് ഭാരവാഹികളുടെ പുസ്തകങ്ങൾ വായിക്കുന്നതും പഠിക്കുന്നതും ദേശസ്നേഹം വളർത്തുമെന്നും അവയൊന്നും ദേശവിരുദ്ധമല്ലെന്നാണ് ബി.ജെ.പി നേതാക്കൾ പ്രതികരിച്ചത്.