ലക്ഷങ്ങൾ നൽകിയാൽ കവർച്ചയും മോഷണവും പഠിപ്പിക്കും; മധ്യപ്രദേശിൽ ക്രിമിനലുകൾക്കായി 'സ്‌കൂൾ'
|12,13 പ്രായത്തിലുള്ള കുട്ടികളെയാണ് രക്ഷിതാക്കൾ കുറ്റകൃത്യ ക്ലാസുകളിൽ പഠിക്കാനായി അയക്കുന്നത്
ഭോപ്പാൽ: മധ്യപ്രദേശിലെ ഉൾഗ്രാമങ്ങളായ കാഡിയ, ഗുൽഖേഡി, ഹൽഖേഡി എന്നിവിടങ്ങളിൽ കുട്ടികൾക്കായി കുറ്റകൃത്യങ്ങളിൽ ക്ലാസുകൾ നൽകുന്നതായി റിപ്പോർട്ട്. 'ക്രിമിനലുകളുടെ നഴ്‌സറി' എന്ന് അറിയപ്പെടുന്ന ഈ പ്രദേശങ്ങൾ സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിൽ നിന്നും 117 കിലോ മീറ്റർ ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്. എങ്ങനെ മോഷണം നടത്താം, പിടിച്ചുപറിക്കാം, ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്യാം എന്നീകാര്യങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്.
12,13 പ്രായത്തിലുള്ള കുട്ടികളെയാണ് രക്ഷിതാക്കൾ കുറ്റകൃത്യ ക്ലാസുകളിൽ പഠിക്കാനായി അയക്കുന്നത്. ക്രിമിനൽ സംഘത്തിലെ തലവനായിരിക്കും പരിശീലകൻ. ഇവരെ നേരിട്ട് കണ്ടാണ് രക്ഷിതാക്കൾ മക്കളെ പരിശീലനത്തിനായി വിടുന്നത്. രണ്ട് മുതൽ മൂന്ന് ലക്ഷം വരെയാണ് പരിശീലനത്തിനുള്ള ഫീസായി ആദ്യഘട്ടത്തിൽ നൽകുക. തിരക്കുള്ള സമയത്ത് പോക്കറ്റിൽ നിന്നുള്ള മോഷണം, ബാഗ് പിടിച്ചു പറി, രക്ഷപ്പെടാനുള്ള മാർഗങ്ങൾ, പൊലീസിന്റെ കണ്ണുവെട്ടിക്കൽ എന്നിവയിലെല്ലാം ഇവിടെ പരിശീലനം നൽകുന്നുണ്ട്. ഒരുക്രിമിനൽ സംഘത്തിനൊപ്പം പരിശീലനം പൂർത്തിയാക്കുമ്പോഴേക്കും അഞ്ച് ലക്ഷം രൂപവരെ രക്ഷിതാക്കളിൽ നിന്ന് സംഘത്തിലെ തലവന് ലഭിക്കും.
അതേസമയം ഇവിടങ്ങളിൽ എത്തിപ്പെടാനും നടപടി എടുക്കാനും പൊലീസിനും ഭയമാണ്. പുറമെ നിന്ന് ആരെത്തിയാലും പരസ്പരം സിഗ്നലുകൾ കൈമാറി ആക്രമണം നടത്തുന്ന സാഹചര്യം വരെ ഉണ്ടായതായി പൊലീസ് പറയുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇത്തരത്തിൽ മോഷണ ക്ലാസുകളിൽ എത്തപ്പെടുന്നതെന്നാണ് പൊലീസ് പറയുന്നത്.