21 സീറ്റിൽ വിജയം, എട്ടിടത്ത് ലീഡ്; ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പിയെ തുണച്ച് മധ്യപ്രദേശ്
|കഴിഞ്ഞതവണ 28 സീറ്റിൽ ബി.ജെ.പിയും ഒരിടത്ത് കോൺഗ്രസുമായിരുന്നു
ന്യൂഡൽഹി: 2019നെ അപേക്ഷിച്ച് 53 സീറ്റുകൾ കുറഞ്ഞ ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പിയെ തുണച്ച് മധ്യപ്രദേശ്. മധ്യപ്രദേശിലെ 29 സീറ്റും ഇത്തവണ ബി.ജെ.പി തൂത്തുവാരുകയാണ്. കഴിഞ്ഞതവണ 28സീറ്റിൽ ബി.ജെ.പിയും ഒരിടത്ത് കോൺഗ്രസുമായിരുന്നു. എന്നാൽ ഇക്കുറി 21 സീറ്റിൽ ബി.ജെ.പിയുടെ വിജയം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടിടത്ത് പാർട്ടി ലീഡ് ചെയ്യുകയുമാണ്.
മധ്യപ്രദേശിൽ ബി.ജെ.പി ജയിച്ച മണ്ഡലങ്ങളും സ്ഥാനാർഥികളും
- മൊറേന -ശിവമംഗൽ സിംഗ് തോമർ
- ഗുണ- ജ്യോതിരാദിത്യ എം. സിന്ധ്യ
- സാഗർ- ഡോ. ലതാ വാങ്കഡെ
- ടികാംഗർ-ഡോ. വീരേന്ദ്രകുമാർ
- ദാമോഹ് - രാഹുൽ സിംഗ് ലോധി
- ഖജുരാഹോ-വിഷ്ണു ദത്ത് ശർമ്മ (വി.ഡി.ശർമ്മ)
- സത്ന - ഗണേഷ് സിംഗ്
- രേവ -ജനാർദൻ മിശ്ര
- ജബൽപൂർ- ആശിഷ് ദുബെ
- മണ്ഡല- ഫഗ്ഗൻ സിംഗ് കുലസ്‌തെ
- ബാലാഘട്ട് -ഭാരതി പർദ്ദി
- ചിന്ദ്‌വാര- ബണ്ടി വിവേക് സാഹു
- ഹോഷംഗബാദ് -ദർശൻ സിങ് ചൗധരി
- ഭോപ്പാൽ -അലോക് ശർമ്മ
- ദേവാസ്- മഹേന്ദ്ര സിംഗ് സോളങ്കി
- രത്ലാം-അനിത നാഗർസിംഗ് ചൗഹാൻ
- ധാർ -സാവിത്രി താക്കൂർ
- ഇൻഡോർ- ശങ്കർ ലാൽവാനി
- ബെതുൽ -ദുർഗദാസ് (ഡി. ഡി.) യുഐകെ
- ഷാദോൾ -ഹിമാദ്രി സിംഗ്
- മാൻഡ്‌സോർ -സുധീർ ഗുപ്ത
ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന മധ്യപ്രദേശ് രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം പൊതുതെരഞ്ഞെടുപ്പിലും ബിജെപി ആവർത്തിക്കുകയാണ്. 29 ലോക്‌സഭാ മണ്ഡലങ്ങളാണ് മധ്യപ്രദേശിലുള്ളത്. ഇതിൽ 10 സീറ്റുകൾ എസ്‌സി-എസ്ടി വിഭാഗക്കാർക്കുള്ള സംവരണ സീറ്റുകളാണ്. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ ചിന്ദ്‌വാരയിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. മുൻമുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽ നാഥാണ് കോൺഗ്രസിനായി സീറ്റ് നേടിയത്. എന്നാൽ ഇത്തവണ ബണ്ടി വിവേക് സാഹുവിനോട് അദ്ദേഹം 113618 വോട്ടിന് തോൽവി നേരിട്ടു.
നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ പി സി സി അധ്യക്ഷനായിരുന്നു കമൽനാഥിനെ മാറ്റി ജിതു പട്വാരിയെ എ ഐ സി സി ചുമതല ഏൽപ്പിച്ചിരുന്നു. എന്നാൽ അതിനൊന്നും പാർട്ടിയെ രക്ഷിക്കാനായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ കോൺഗ്രസ് സംസ്ഥാന പ്രവർത്തക സമിതിയും പിരിച്ചുവിട്ടിരുന്നു. കോൺഗ്രസ് ആകെ 66 സീറ്റാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയത്. കമൽനാഥിനെ മുന്നിൽ നിർത്തിയായിരുന്നു കോൺഗ്രസ് മത്സരിച്ചത്. എന്നാൽ 163 സീറ്റ് നേടി ബിജെപി വീണ്ടും അധികാരത്തിൽ എത്തുകയായിരുന്നു. ആദ്യകാലങ്ങളിൽ കോൺഗ്രസിനെ അകമഴിഞ്ഞ് പിന്തുണച്ച സംസ്ഥാനമാണ് മധ്യപ്രദേശ്. 1990ലാണ് ബി.ജെ.പിക്കൊപ്പം നിന്നുതുടങ്ങിയത്.