India
Madhyapradesh election tomorrow
India

മധ്യപ്രദേശ് നാളെ ബൂത്തിലേക്ക്; ഭരണവിരുദ്ധവികാരത്തിൽ പ്രതിരോധത്തിലായി ബി.ജെ.പി

Web Desk
|
16 Nov 2023 5:32 AM GMT

ഛത്തിസ്ഗഢിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പും നാളെ നടക്കും.

ഭോപ്പാൽ: ബി.ജെ.പിയും കോൺഗ്രസും നേർക്കുനേർ പോരാടുന്ന മധ്യപ്രദേശിൽ വോട്ടെടുപ്പ് നാളെ. ഛത്തിസ്ഗഢിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പും നാളെ നടക്കും. മധ്യപ്രദേശിൽ 230 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, മുൻ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ കമൽനാഥ്, കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, ഫഗ്ഗൻ സിങ് കുലസ്‌തെ, പ്രഹ്ലാദ് പട്ടേൽ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗ്യ എന്നിവർ മധ്യപ്രദേശിൽ ജനവിധി തേടുന്നുണ്ട്.

മധ്യപ്രദേശിൽ ശക്തമായ ഭരണവിരുദ്ധ വികാരത്തെ മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി.ജെ.പി. ഭരണവിരുദ്ധ വികാരം മറയ്ക്കാൻ ശിവരാജ് സിങ് ചൗഹാനെ പരമാവധി ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് ബി.ജെ.പി പ്രചാരണം. മൂന്നു കേന്ദ്ര മന്ത്രിമാരടക്കം ഏഴ് എം.പിമാരെയും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയെയും മുഖ്യമന്ത്രിമുഖങ്ങളാക്കി ഇറക്കുകയും ചെയ്തു. 'മധ്യപ്രദേശിന്റെ മനസിൽ മോദിയാണ്, മോദിയുടെ മനസിൽ മധ്യപ്രദേശാണ്' എന്ന പ്രമേയം ഉയർത്തിയാണ് ബി.ജെ.പി പ്രചാരണം.

കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സ്വീകരിച്ച മൃദുഹിന്ദുത്വ നിലപാടുകളും ബി.ജെ.പിയെ വെട്ടിലാക്കി. വെറും രണ്ടു സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് മുസ്‌ലിം സ്ഥാനാർഥികളുള്ളത്. മതത്തിന്റെ പേരിലുള്ള വിദ്വേഷ രാഷ്ട്രീയത്തിന് അവസരമില്ലാതായ മധ്യപ്രദേശിൽ ജാതി രാഷ്ട്രീയമാണ് പ്രധാന ഘടകമായി മാറിയത്.

മുഖ്യമന്ത്രി സ്ഥാനാർഥിയായി ഒരാളെ ഉയർത്തിക്കാണിക്കാനാവാതെ ബി.ജെ.പി കുഴങ്ങുമ്പോൾ കമൽനാഥിനെപ്പോലെ ഒരു മുതിർന്ന നേതാവിനെ ഉയർത്താക്കാട്ടാൻ കഴിഞ്ഞത് കോൺഗ്രസിന് വലിയ നേട്ടമായെന്നാണ് വിലയിരുത്തൽ. കേന്ദ്ര നേതാക്കളെ അടക്കം ഇറക്കി തരംഗം സൃഷ്ടിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടെങ്കിലും കോൺഗ്രസിന് തന്നെയാണ് മുൻതൂക്കം. ജ്യോതിരാദിത്യ സിന്ധ്യ ക്യാമ്പിലെ നിരവധിപേരെ സ്വന്തം പാളയത്തിലെത്തിക്കാനായതും കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നുണ്ട്.

Similar Posts