India
Madras HC refuses to quash FIRs against BJP Leader
India

അപകീർത്തി പരാമർശം: തമിഴ്നാട്ടിൽ ബിജെപി നേതാവിനെതിരായ 11 കേസുകൾ റദ്ദാക്കില്ല; ‘പൊതുപ്രവർത്തകരുടെ ഓരാ വാക്കും പ്രധാനപ്പെട്ടത്

Web Desk
|
31 Aug 2023 3:53 PM GMT

ആ സമയം താൻ ഏറെ മാനസിക സംഘർഷത്തിലായിരുന്നെന്നും അതിനാലാണ് അത്തരം പരാമർശങ്ങൾ നടത്തിയതെന്നു​മുള്ള രാജയുടെ വാദം കോടതി തള്ളി.

ചെന്നൈ: തമിഴ്നാട്ടിൽ അപകീർത്തി പരാമർശങ്ങളുടെ പേരിൽ ബിജെപി നേതാവിനെതിരെ ചുമത്തിയ കേസുകൾ റദ്ദാക്കില്ലെന്ന് ഹൈക്കോടതി. ബിജെപി നേതാവ് എച്ച്. രാജയ്‌ക്കെതിരെ തമിഴ്‌നാട്ടിലുടനീളം രജിസ്റ്റർ ചെയ്ത 11 എഫ്‌ഐആർ റദ്ദാക്കണമെന്ന ഹരജി കോടതി തള്ളി. പൊതുപ്രവർത്തകർ ഉച്ചരിക്കുന്ന ഓരോ വാക്കും പ്രധാനപ്പെട്ടതാണെന്നും മറ്റുള്ളവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തരുതെന്നും ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് പറഞ്ഞു.

ദ്രാവിഡ സൈദ്ധാന്തികൻ പെരിയാർ ഇ.വി രാമസ്വാമി, അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധി, ഡിഎംകെ എം.പി കനിമൊഴി, ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് (എച്ച്ആർ&സിഇ) വകുപ്പിലെ നിരവധി ഉദ്യോഗസ്ഥർ, അവരുടെ ഭാര്യമാർ എന്നിവർക്കെതിരെ 2018ലെ ഒരു പൊതുപരിപാടിയിൽ രാജ നടത്തിയ അപകീർത്തികരമായ പ്രസംഗവും സോഷ്യൽമീഡിയ പോസ്റ്റുകളുമാണ് കേസിനാധാരം.

ആ സമയം താൻ ഏറെ മാനസിക സംഘർഷത്തിലായിരുന്നെന്നും അതിനാലാണ് അത്തരം പരാമർശങ്ങൾ നടത്തിയതെന്നു​മായിരുന്നു കോടതിയിൽ രാജയുടെ വാദം. എന്നാൽ ഈ വാദം കോടതി തള്ളി. പൊതുപ്രവർത്തകൻ എന്ത് മനോവേദന അനുഭവിച്ചാലും തന്റെ ഭാഷ ശ്രദ്ധിക്കണ​മെന്ന് ജഡ്ജി ഓർമിപ്പിച്ചു. 'പൊതുപ്രവർത്തകനായ ഒരു വ്യക്തി തന്റെ മനോവേദന പ്രകടിപ്പിക്കുമ്പോൾ ഉച്ചരിക്കുന്ന ഓരോ വാക്കും പ്രധാനമാണ്. അത് മറ്റുള്ളവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളിൽ കലാശിക്കരുത്'- ജസ്റ്റിസ് വെങ്കിടേഷ് നിർദേശിച്ചു.

രാജ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ താൻ കേട്ടെന്നും അതിൽ പെരിയാറിനെതിരായവ യഥാർഥത്തിൽ വിദ്വേഷ പ്രസംഗത്തിന്റെ പരിധിയിൽ വരുമെന്നും സ്ത്രീകൾക്കെതിരായ പരാമർശങ്ങൾ വളരെ അപകീർത്തികരമാ​ണെന്നും ​ജഡ്ജി നിരീക്ഷിച്ചു. മുൻ ബിജെപി എംഎൽഎ കൂടിയായ രാജയുടെ അഭിപ്രായങ്ങൾ സമൂഹത്തെ പ്രതികൂലമായി ബാധിച്ചതായും സംസ്ഥാനത്തുടനീളം അസ്വസ്ഥത സൃഷ്ടിച്ചതായും ചൂണ്ടിക്കാട്ടിയ കോടതി ഇളവ് അനുവദിക്കാൻ വിസമ്മതിച്ചു.

'പെരിയാറിന്റെ ആശയങ്ങളോടും ചിന്തകളോടും വിയോജിക്കാനുള്ള സ്വാതന്ത്ര്യം ആർക്കുമുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1)(എ) പ്രകാരം അത്തരം സ്വാതന്ത്ര്യം പ്രകടിപ്പിക്കാനും കഴിയും. എന്നാൽ, ആ അഭിപ്രായം എങ്ങനെ പ്രകടിപ്പിക്കണം എന്നതാണ് ചോദ്യം. ഭരണഘടന തന്നെ ആർട്ടിക്കിൾ 19(2) പ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിമിതി നൽകുന്നുണ്ട്. അതിര് കടക്കുന്നതോ അക്രമത്തിന് പ്രേരിപ്പിക്കുന്ന സ്വഭാവമുള്ളതോ അപകീർത്തികരമോ മാന്യതയില്ലാത്തതോ ആകാൻ പാടില്ല. പെരിയാറിന്റെ പ്രതിമകൾ അശുദ്ധമാക്കാനുള്ള നീക്കങ്ങൾ വളരെയധികം അസ്വസ്ഥത സൃഷ്ടിക്കുകയും ചിലപ്പോൾ അക്രമത്തിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്. കേസിൽ തീരുമാനം എടുക്കുമ്പോൾ ഈ സുപ്രധാന കാര്യം കോടതി ശ്രദ്ധിക്കേണ്ടതുണ്ട്'- കോടതി പറഞ്ഞു.

അതേസമയം, സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് രാജയ്‌ക്കെതിരെ ചുമത്തിയ ഏഴ് കേസുകൾ എംപിമാർക്കും എംഎൽഎമാർക്കുമുള്ള ശ്രീവില്ലിപുത്തൂർ ജില്ലയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റാൻ ജസ്റ്റിസ് വെങ്കിടേഷ് ഉത്തരവിട്ടു. പെരിയാറിനും മറ്റ് രാഷ്ട്രീയ നേതാക്കൾക്കുമെതിരെ രാജ നടത്തിയ അപകീർത്തി പരാമർശവുമായി ബന്ധപ്പെട്ട് ഈറോഡ് ജില്ലയിലും ചെന്നൈയിലുമുള്ള ബാക്കി നാല് കേസുകളുടെ വിചാരണ ചെന്നൈയിലെ പ്രത്യേക കോടതിയിൽ ഒരുമിച്ച് നടത്താമെന്നും ജഡ്ജി വ്യക്തമാക്കി.

Similar Posts