India
Jaggi Vasudev
India

സ്വന്തം മകളെ വിവാഹം കഴിച്ചയച്ചു, എന്തിനാണ് മറ്റ് യുവതികളെ സന്യാസത്തിന് നിര്‍ബന്ധിക്കുന്നത്? സദ്ഗുരു ജഗ്ഗി വാസുദേവിനോട് കോടതി

Web Desk
|
1 Oct 2024 7:57 AM GMT

തൻ്റെ പെൺമക്കളെ 'ഇഷാ ഫൗണ്ടേഷനിൽ' തടവിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കാമരാജ് കോടതിയെ സമീപിച്ചത്

കോയമ്പത്തൂര്‍: സ്വന്തം മകളെ വിവാഹം കഴിച്ചയച്ച ഇഷ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരു ജഗ്ഗി വാസുദേവ് എന്തിനാണ് മറ്റ് യുവതികളെ സന്യാസത്തിന് നിര്‍ബന്ധിക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതി. കോയമ്പത്തൂരിലെ തമിഴ്നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ റിട്ടയേഡ് പ്രൊഫസറായ എസ്. കാമരാജ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഹൈക്കോടതി ജഡ്ജിമാരായ എസ് എം സുബ്രഹ്മണ്യവും വി. ശിവജ്ഞാനവും ഇക്കാര്യം ആരാഞ്ഞത്.

ഇഷാ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരു എന്ന ജഗ്ഗി വാസുദേവ് തന്‍റെ മകളെ വിവാഹം കഴിച്ചയച്ച് അവളുടെ ഭാവി ഉറപ്പു വരുത്തി. എന്നാല്‍ മറ്റ് യുവതികളെ ലൗകികജീവിതം ത്യജിക്കാനും തന്‍റെ യോഗാ കേന്ദ്രങ്ങളില്‍ സന്യാസിമാരെപ്പോലെ ജീവിക്കാനുമാണ് പ്രേരിപ്പിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി.

തൻ്റെ പെൺമക്കളെ 'ഇഷാ ഫൗണ്ടേഷനിൽ' തടവിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കാമരാജ് കോടതിയെ സമീപിച്ചത്. കോയമ്പത്തൂർ ജില്ലയിലെ വെള്ളിങ്കിരി താഴ്‌വരയിലുള്ള സദ്ഗുരുവിൻ്റെ ഇഷ ഫൗണ്ടേഷനെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളുടെയും വിശദാംശങ്ങള്‍ ശേഖരിച്ച് പരാതിക്കാരെ ഹാജരാക്കാൻ മദ്രാസ് ഹൈക്കോടതി കോയമ്പത്തൂര്‍ പൊലീസിനോട് നിർദേശിച്ചു. തൻ്റെ രണ്ട് പെൺമക്കളെ ബ്രെയിൻ വാഷ് ചെയ്ത് സന്യാസിമാരാക്കി മാറ്റുകയാണെന്നും മാതാപിതാക്കളെയും ബന്ധുക്കളെയും കാണാൻ പോലും അനുവദിക്കുന്നില്ലെന്നും കാമരാജ് ആരോപിച്ചു.ഇദ്ദേഹത്തിന്‍റെ രണ്ട് പെണ്‍മക്കളും എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദമുള്ളവരാണെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് യുവതികളും സ്വമേധയാ തങ്ങളോടൊപ്പം താമസിക്കാൻ തീരുമാനിക്കുകയാണെന്ന് ഇഷ ഫൗണ്ടേഷൻ അവകാശപ്പെട്ടു. "പ്രായപൂർത്തിയായ വ്യക്തികൾക്ക് അവരുടെ വഴികൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും വിവേകവും ഉണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. വിവാഹമോ സന്യാസമോ ഞങ്ങൾ അടിച്ചേൽപ്പിക്കുന്നില്ല, കാരണം ഇവ വ്യക്തിപരമായ തെരഞ്ഞെടുപ്പുകളാണ്. ഇഷ യോഗാ കേന്ദ്രത്തിൽ സന്യാസികളല്ലാത്ത ആയിരക്കണക്കിന് ആളുകളെയും ബ്രഹ്മചര്യമോ സന്യാസമോ സ്വീകരിച്ച ചുരുക്കം ചിലരെയും ഉൾക്കൊള്ളുന്നു'' ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു.

ഇഷ ഫൗണ്ടേഷന്‍റെ പ്രവര്‍ത്തന രീതിയെയും ഹരജിക്കാരന്‍ വിമര്‍ശിച്ചു. സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡോക്ടര്‍ക്കെതിരെ പോക്സോ കേസും നിലവിലുണ്ട്. ആദിവാസി ഗവൺമെൻ്റ് സ്‌കൂളിൽ പഠിക്കുന്ന 12 പെൺകുട്ടികളെ പീഡിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. മറ്റ് നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആരോപണങ്ങൾ തീർപ്പാക്കാനുണ്ടെന്നും ഹർജിക്കാരൻ്റെ അഭിഭാഷകൻ ബോധിപ്പിച്ചു. 2024 ജൂൺ 15 ന് മൂത്ത മകൾ തന്നെ മൊബൈലിൽ വിളിച്ചതായും ഇഷ യോഗാ സെൻ്ററിനെതിരായ നിയമപരമായ പ്രതിഷേധവും വ്യവഹാരങ്ങളും ഉപേക്ഷിക്കുന്നത് വരെ അനുജത്തി മരണം വരെ നിരാഹാരമിരിക്കുകയാണെന്ന് പറഞ്ഞതായും കാമരാജ് പറഞ്ഞു. കേസില്‍ കൂടുതൽ വാദം കേൾക്കുന്നത് ഒക്ടോബർ 4 ലേക്ക് മാറ്റിയിട്ടുണ്ട്.

Similar Posts