കോടതി ഇടപെട്ടു; മോദിയുടെ കോയമ്പത്തൂർ റോഡ് ഷോക്ക് അനുമതി
|നേരത്തെ കോയമ്പത്തൂര്‍ സിറ്റി പൊലീസാണ് റാലിക്ക് അനുമതി നിഷേധിച്ചിരുന്നത്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച കോയമ്പത്തൂരിൽ നടത്താൻ നിശ്ചയിച്ച റോഡ് ഷോക്ക് അനുമതി നൽകി മദ്രാസ് ഹൈക്കോടതി. നേരത്തെ, റോഡ് ഷോക്ക് സിറ്റി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ തമിഴ്‌നാട് ബിജെപി സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷാണ് ഹർജി പരിഗണിച്ചത്.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് റാലിക്ക് അനുമതി നിഷേധിച്ചിരുന്നത്. നഗരപരിധിയിൽ നാലു കിലോമീറ്റർ ദൂരത്തിലാണ് മോദിയുടെ റോഡ് ഷോ.
മേട്ടുപാളയം റോഡിലെ ഇരു കമ്പനി മുതൽ ആർഎസ് പുരത്തെ ഹെഡ്‌പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെയാണ് യാത്ര നിശ്ചയിച്ചിട്ടുള്ളത്. 1998 ഫെബ്രുവരിയിൽ ബോംബ് സ്‌ഫോടനമുണ്ടായ സ്ഥലമാണ് ആർഎസ് പുരം. എൽകെ അദ്വാനി പ്രസംഗിക്കുന്ന വേദിക്ക് നൂറ് മീറ്റർ മാത്രം അകലെയാണ് അന്ന് സ്‌ഫോടനമുണ്ടായത്.
ബിജെപി റോഡ് ഷോക്കായി തെരഞ്ഞെടുത്ത സ്ഥലം സാമുദായിക സംഘർഷങ്ങൾക്ക് സാധ്യതയുള്ളതാണ് എന്നാണ് പൊലീസ് വിശദീകരിച്ചിരുന്നത്. ഒരു ലക്ഷത്തിലേറെ ആളുകൾ റോഡ് ഷോയിൽ അണിനിരക്കുമെന്നാണ് ബിജെപി കോയമ്പത്തൂർ ജില്ലാ പ്രസിഡണ്ട് രമേശ് കുമാർ അവകാശപ്പെട്ടു.
പരമ്പരാഗതമായി ബിജെപിയെ തിരസ്‌കരിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിന്റെ ഭാഗമായാണ് മോദി കോയമ്പത്തൂരെത്തുന്നത്. അടുത്ത കാലത്തായി മോദി നടത്തുന്ന അഞ്ചാം തമിഴ്‌നാട് സന്ദർശനമാണിത്. ഇത്തവണ ഒറ്റയ്ക്കാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തമിഴ്‌നാട്ടിൽ മൂന്നു ശതമാനം വോട്ടു മാത്രമാണ് ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടാനായത്.