India
Madras High Court frowns at mention of fee dues on school TC
India

'കുട്ടികളുടെ ടിസിയിൽ ഫീസ് കുടിശ്ശികയെപ്പറ്റി ഒന്നുമുണ്ടാവരുത്'- മദ്രാസ് ഹൈക്കോടതി

Web Desk
|
19 July 2024 1:32 PM GMT

കുട്ടികളുടെ തുടർപഠനത്തിന് ആവശ്യമില്ലാത്ത ഒന്നും ടിസിയിൽ വേണ്ടെന്നും ഹൈക്കോടതി

ചെന്നൈ: സ്‌കൂളിൽ നിന്ന് കുട്ടികൾക്ക് നൽകുന്ന ടിസിയിൽ ഫീസ് കുടിശ്ശികയെ പറ്റി പരാമർശിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഫീസ് ശേഖരിക്കാനുള്ള ഉപാധിയല്ലെന്നും അതൊരു വ്യക്തിരേഖയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കർശനനിർദേശം നൽകിയത്. ഇത്തരം പ്രവർത്തികളുണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ തമിഴ്‌നാട് സർക്കാരിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് എസ്.എം സുബ്രഹ്‌മണ്യം, ജസ്റ്റിസ് സി.കുമരപ്പൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഫീസ് കുടിശ്ശിക രേഖകളിൽ പരാമർശിക്കുന്നത് കുട്ടികളിലോ രക്ഷിതാക്കളിലോ കാര്യമായ സ്വാധീനം ചെലുത്തില്ലെന്ന് കാട്ടി ഓൾ ഇന്ത്യ പ്രൈവറ്റ് സ്‌കൂൾസ് ലീഗൽ പ്രൊട്ടക്ഷൻ സൊസൈറ്റി നൽകിയ ഹരജിക്കെതിരെ തമിഴ്‌നാട് സർക്കാർ സമർപ്പിച്ച അപ്പീലിന്മേലാണ് ഹൈക്കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഫീസ് അടയ്ക്കാതിരുന്നാൽ മാതാപിതാക്കൾക്കെതിരെ നിയമപരമായി മുന്നോട്ട് നീങ്ങാൻ സ്‌കൂളുകൾക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അതിന്റെ പേരിൽ കുട്ടികളെ ചൂഷണം ചെയ്യരുതെന്ന് കർശനമായി നിർദേശിച്ചു. ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ കുട്ടികളെ ഒരുരീതിയിലും ബുദ്ധിമുട്ടിക്കാൻ പാടില്ലെന്നും അത് ജുവനൈൽ ജസ്റ്റിസ് ആക്ടിൽ സെക്ഷൻ 75 പ്രകാരം കുറ്റകൃത്യമായി കണക്കാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

കുട്ടികളുടെ തുടർപഠനത്തിന് ആവശ്യമില്ലാത്ത ഒന്നും ടിസിയിൽ വേണ്ടെന്നാണ് കോടതിയുടെ ഉത്തരവ്. അഡ്മിഷന്റെ സമയത്ത് ടിസി ഹാജരാക്കാൻ കുട്ടികളിൽ സമ്മർദം ചെലുത്തരുതെന്ന് സ്‌കൂളുകൾക്ക് നിർദേശം നൽകാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന ആർടിഇ ആക്ടിലെ സെക്ഷൻ 17ഉം ശിശുസംരക്ഷണനിയമങ്ങളും ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അവശ്യമെങ്കിൽ തമിഴ്‌നാട് സർക്കാരിന്റെ വിദ്യാഭ്യാസനയങ്ങളിൽ മാറ്റം വരുത്താനും സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനും കോടതി നിർദേശിച്ചു.

കോടതി ഉത്തരവിന്റെ പൂർണരൂപം:

സ്‌കൂൾ ഫീസ് കുടിശ്ശികയെപ്പറ്റി കുട്ടികൾക്ക് അറിവുണ്ടാകണമെന്ന് സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് നിർബന്ധം പിടിക്കാനാവില്ല. കുട്ടികൾ സമാധാനപരമായ അന്തരീക്ഷത്തിൽ വളർന്നുവരണമെങ്കിൽ അത്തരം കാര്യങ്ങൾ അവരിൽ നിന്നകറ്റി നിർത്തണം. മാതാപിതാക്കളുടെ ബാധ്യതകൾ കുട്ടികളെ ബാധിക്കാൻ പാടില്ല. അതില്ലാതാക്കുകയാണ് സ്‌കൂളുകൾ ചെയ്യേണ്ടത്.

ഫീസ് ലഭിക്കാനോ മാതാപിതാക്കളുടെ സാമ്പത്തികശേഷി അളക്കാനോ ഉള്ളതല്ല ടിസി. അത് കുട്ടികളുടെ പേരിലിറക്കുന്ന ഒരു വ്യക്തിരേഖയാണ്. അതിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ എഴുതിച്ചേർത്ത്, സ്‌കൂളുകൾ തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കരുത്. ഫീസ് അടയ്ക്കുക എന്നത് മാതാപിതാക്കളുടെ ഡ്യൂട്ടിയാണ്. അതിലവർ വീഴ്ച വരുത്തിയാൽ സ്‌കൂളുകൾ നിയമപരമായി നടപടിയെടുക്കാം. അതിന് പകരം ടിസിയിൽ അതൊക്കെ എഴുതി വയ്ക്കുന്നത് കുട്ടികൾക്ക് നേരെയുള്ള അതിക്രമമാണ്. മാതാപിതാക്കൾ ഫീസ് അടയ്ക്കാത്തതിന് കുട്ടികളെന്ത് പിഴച്ചു? അതവരുടെ കുറ്റമല്ലല്ലോ. അപ്പോൾ അക്കാര്യം പറഞ്ഞ് കുട്ടികളെ മാനസികമായി ബുദ്ധിമുട്ടിക്കുന്നത് ആർടിഇ ആക്ട് സെക്ഷൻ 17 പ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്.

ഫീസ് കുടിശ്ശിക ടിസിയിലുണ്ടെങ്കിൽ മറ്റൊരു സ്ഥാപനത്തിൽ പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. അതൊരു വേദനയായി കുട്ടികളുടെ മനസ്സിലുണ്ടാവുകയും ചെയ്യും. സ്‌കൂളിൽ പ്രവേശനം നേടാനാവാത്തതിലുപരി സാമൂഹികമായും സാമ്പത്തികമായും താൻ വേർതിരിവ് നേരിടുന്നു എന്ന ചിന്ത കുട്ടികളിലുണ്ടാകുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. കുട്ടികളിൽ അരക്ഷിതബോധം ഉണ്ടാകാനും അവരുടെ ആത്മാഭിമാനത്തിന് മുറിവേൽക്കാനുമൊക്കെ ഇത്തരം കാര്യങ്ങൾ മതിയാവും.

കുടുംബങ്ങളിലെ സാമ്പത്തിക പ്രശ്‌നങ്ങൾ കുട്ടികളെയാണ് ഏറ്റവുമധികം ബാധിക്കുക. അതങ്ങനെ കാര്യമായി ചർച്ച ചെയ്യപ്പെടാറില്ല. പല കുടുംബങ്ങളും അധ്യയനവർഷത്തിന്റെ തുടക്കത്തിൽ വലിയ സാമ്പത്തികബുദ്ധിമുട്ടുകളാണ് നേരിടുക. ഇത് കുട്ടികളെയും വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. ഈ അവസ്ഥ സ്‌കൂൾ മാനേജ്‌മെന്റുകൾ മനസ്സിലാക്കണം. അവരെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ ഞങ്ങളുണ്ട് കൂടെ എന്ന ബോധം ഉണ്ടാക്കണം. അല്ലാതെ ടിസിയിൽ ഫീസ് കുടിശ്ശികയെഴുതി അവരെ പിന്നെയും സങ്കടപ്പെടുത്തരുത്.

Similar Posts