പുതിയ നിയമ സംഹിതകളുടെ പേര് പറയില്ലെന്ന് മദ്രാസ് ഹൈക്കോടതി ജഡ്‍ജി
|ജസ്റ്റിസ് ആനന്ദ് വെങ്കിടേഷാണ് നിയമസംഹിതകളുടെ പേര് പറയില്ലെന്ന് വ്യക്തമാക്കിയത്
ഡല്‍ഹി: പുതിയ നിയമസംഹിതകളുടെ പേര് പറയില്ലെന്ന് നിലപാടെടുത്ത് ജഡ്ജി. മദ്രാസ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷാണ് നിയമസംഹിതകളുടെ പേര് പറയില്ലെന്ന് വ്യക്തമാക്കിയത്. ഐ.പി.സി, സി.ആർ.പി.സി എന്നിവ തുടർന്നും ഉപയോഗിക്കുമ്പോൾ തന്റ ഉച്ചാരണം ശരിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.പി.സി, സി.ആർ.പി.സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നീ മൂന്ന് നിയമസംഹിതകൾ പൊളിച്ചെഴുതി പകരം ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെ മൂന്ന് സംഹിതകളാക്കിയാണ് കേന്ദ്രസർക്കാർ നിയമനിർമാണം നടത്തിയത്.
ഇത് വ്യാപകമായ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തമിഴ്‌നാട് ഹൈക്കോടതിയിൽ ഇന്നലെയുണ്ടായത്. ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട സമയപരിധി തീരുമാനിക്കുന്നതിന് ഐ.പി.സിയിൽ ഉള്ള നിർവചനമല്ല ഭാരതീയ ന്യായ് സംഹിതയിലുള്ളത്. അതുകൊണ്ട് തന്നെ തന്നെ സഹായിക്കാൻ അഭിഭാഷകനോട് ജഡ്ജി ആവശ്യപ്പെട്ടു.
പിന്നീട് മദ്രാസ് ബാർ കൗൺസിൽ ഉൾപ്പെടെ ഇടപ്പെട്ടാണ് അദ്ദേഹം പ്രശ്‌നം പരിഹരിച്ചത്. തുടർന്നായിരുന്നു ജഡ്ജിയുടെ പ്രസ്താവന. തനിക്ക് ഹിന്ദി അറിയില്ലെന്നും അതിനാൽ തന്നെ പല വാക്കുകളും പറയുമ്പോൾ ശരിയാകുന്നില്ല. അതിനാൽ തന്നെ ഇനി ഐ.പി.സി, സി.ആർ.പി.സി എന്ന് മാത്രമേ ഉപയോഗിക്കൂവെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.