10 മിനിറ്റിനുള്ളില്‍ മാഗിയും വീട്ടിലെത്തിക്കുമെന്ന് സൊമാറ്റോ; 5 മിനിറ്റിനുള്ളില്‍ വീട്ടില്‍ പാകം ചെയ്തോളാമെന്ന് നെറ്റിസണ്‍സ്
|ഇപ്പോള്‍ മാഗിയുടെ പേരിലാണ് സമൂഹമാധ്യമങ്ങളില്‍ സൊമാറ്റാക്കെതിരെ പൊങ്കാല
ഓര്‍ഡര്‍ ചെയ്താല്‍ ഭക്ഷണം 10 മിനിറ്റിനുള്ളില്‍ വീട്ടിലെത്തിക്കുമെന്ന ഓഫര്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ കഴിഞ്ഞ ദിവസമാണ് മുന്നോട്ടുവച്ചത്. സംഭവം പുതുമയുള്ളതാണെങ്കിലും സൊമാറ്റോ മേധാവി ദീപിന്ദര്‍ ഗോയലിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. ഭക്ഷണം വേഗത്തിൽ എത്തിക്കാൻ സൊമാറ്റോ തങ്ങളുടെ ഡെലിവറി ജീവനക്കാരില്‍ സമ്മർദ്ദം ചെലുത്തുന്നില്ലെന്നും ദീപീന്ദർ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് 10 മിനിറ്റിനുള്ളില്‍ എത്തിക്കുന്ന ഭക്ഷണങ്ങളുടെ ഒരു ലിസ്റ്റും അദ്ദേഹം പങ്കുവച്ചിരുന്നു. ഇതില്‍ മാഗി ന്യൂഡില്‍സും ഉള്‍പ്പെടുന്നുണ്ട്. ഇപ്പോള്‍ മാഗിയുടെ പേരിലാണ് സമൂഹമാധ്യമങ്ങളില്‍ സൊമാറ്റാക്കെതിരെ പൊങ്കാല.
"അതെ, ഞങ്ങളുടെ 10 മിനിറ്റ് ഫുഡ് സ്റ്റേഷനുകളിലൂടെ ഞങ്ങൾ നിങ്ങൾക്ക് മാഗിയും വിളമ്പും'' എന്നായിരുന്നു ദീപിന്ദറുടെ ട്വീറ്റ്. തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം ലിസ്റ്റില്‍ ഉള്ളതില്‍ ചിലര്‍ സന്തോഷം പ്രകടിപ്പിച്ചുവെങ്കിലും മറ്റു ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ''ശരിക്കും ഇത് ഭ്രാന്തമായ മാര്‍ക്കറ്റിംഗാണ്. മാഗി തയ്യാറാക്കാൻ 2 മിനിറ്റ് എടുക്കും. 10 മിനിറ്റിനുള്ളിൽ ഡെലിവർ ചെയ്യുമെന്ന് ഇയാൾ പറയുന്നു'' നെറ്റിസണ്‍സ് ട്വീറ്റ് ചെയ്തു. ''വീട്ടിൽ അല്ലെങ്കില്‍ ഹോസ്റ്റലിൽ 5 മിനിറ്റിനുള്ളിൽ ഒരാൾക്ക് മാഗി പാകം ചെയ്യാം. തിളച്ച വെള്ളവും ഒരു പാക്കറ്റ് മാഗിയും മാത്രം മതി. പുറത്ത് നിന്ന് ഓർഡർ ചെയ്യേണ്ട ആവശ്യമില്ല'' മറ്റൊരാള്‍ പറയുന്നു. ശരിക്കും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമെന്നായിരുന്നു ചിലരുടെ അഭിപ്രായം.
ഓര്‍ഡര്‍ ലഭിച്ചാല്‍ വെറും 10 മിനിറ്റിനുള്ളില്‍ ഭക്ഷണം ഉപഭോക്താക്കളിലെത്തിക്കുന്ന സൊമാറ്റോ ഇന്‍സ്റ്റന്‍റ് പദ്ധതിക്കാണ് കമ്പനി തുടക്കമിട്ടിരിക്കുന്നത്. സൊമാറ്റോ മേധാവി ദീപീന്ദർ ഗോയൽ തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.